ആർഎസ്എസ് റജിസ്റ്റർ ചെയ്തിട്ടില്ല; വെല്ലുവിളിയുമായി പ്രിയങ്ക് ഖർഗെ
ബെംഗളൂരു∙ ആർഎസ്എസ് സംഘടനയായി റജിസ്റ്റർ ചെയ്തിട്ടില്ലെന്ന ആരോപണം ഉന്നയിച്ച് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ വീണ്ടും രംഗത്ത്. ഭരണഘടനയിലെ ഏതു വകുപ്പാണ് ആർഎസ്എസിനെ റജിസ്റ്റർ ചെയ്യുന്നതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതിന്റെ നിയമവശങ്ങൾ ചർച്ച ചെയ്യാൻ ആർഎസ്എസ് നേതാക്കളെ അദ്ദേഹം തന്റെ ഓഫിസിലേക്കു ക്ഷണിച്ചു. അതല്ലെങ്കിൽ നാഗ്പുർ ആസ്ഥാനത്തേക്ക് തന്നെ അവർ ക്ഷണിക്കട്ടെയെന്നും മന്ത്രി വെല്ലുവിളിച്ചു.
ആർഎസ്എസിനോടു റജിസ്റ്റർ ചെയ്യാൻ രേഖകൾ തയാറാക്കൂ എന്ന മട്ടിൽ കഴിഞ്ഞ ദിവസം പ്രിയങ്ക് സമൂഹമാധ്യമത്തിൽ കുറിച്ചതാണു ചർച്ചകൾക്കു വീണ്ടും തുടക്കമിട്ടത്. മുൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയും വിചാരിച്ചിട്ട് ആർഎസ്എസിനെ നിരോധിക്കാൻ കഴിഞ്ഞില്ലെന്ന വെല്ലുവിളിയുമായി സി.ടി. രവിയെ പോലുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നു.രവിക്കു ചരിത്രമറിയില്ലെന്നും നെഹ്റുവിന്റെയും സർദാർ വല്ലഭായി പട്ടേലിന്റെയും കാലുപിടിച്ചാണ് ആർഎസ്എസ് നേതാക്കൾ നിരോധനം പിൻവലിപ്പിച്ചതെന്നും പ്രിയങ്ക് മറുപടി നൽകി. ഇന്ദിരാ ഗാന്ധി ആർഎസ്എസിനെ നിരോധിച്ചപ്പോൾ ആർഎസ്എസ് മേധാവി നിരോധനാജ്ഞയെ പ്രശംസിച്ച് കത്തെഴുതിയ ചരിത്രമുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
