Uncategorized

‘ഇടതുപക്ഷം ആയിരുന്നെങ്കിൽ എന്തായിരുന്നേനെ’; ജില്ലയിലുണ്ടായിട്ടും MLA എത്താൻ വൈകി;കാട്ടാനയാക്രമണത്തിൽ പ്രതിഷേധം

Spread the love

 

കല്‍പ്പറ്റ: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം ശക്തം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മെഡിക്കല്‍ കോളേജിന് മുന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ സമാധാനാനം പറയണം, നഷ്ടപരിഹാരം സംബന്ധിച്ച് രേഖാമൂലം എഴുതി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇക്കാര്യങ്ങളില്‍ ഉറപ്പ് നല്‍കിയാല്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറാമെന്നും ഇവര്‍ പറയുന്നു.

 

മാനന്തവാടി എംഎല്‍എ ഉഷാ വിജയന്‍ ജില്ലയില്‍ ഉണ്ടായിട്ടും പ്രതിഷേധം നടക്കുന്നയിടത്തേക്ക് എത്താന്‍ വൈകിയതിലും പ്രതിഷേധക്കാര്‍ രോഷം പ്രകടിപ്പിച്ചു. ‘ഭരണത്തിന്റെ മുഖം നോക്കി സംസാരിക്കുന്ന ആളുകളല്ലേ ഇവിടെയുള്ളത്. ആരും എന്താ മിണ്ടാത്തത്. പ്രതികരിക്കാന്‍ ആളില്ലല്ലോ. ഇടതുപക്ഷം ആയിരുന്നെങ്കില്‍ ഇവിടെ എന്തായിരുന്നേനെ. ഇത് പരിഹരിക്കാന്‍ ബഹുമാനപ്പെട്ട അദ്ദേഹം ഇവിടെ വരുമോ? ബന്ധപ്പെട്ട എംഎല്‍എ എവിടെ? ചര്‍ച്ചയ്ക്ക് തയ്യാറാണ്’ എന്നാണ് പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞത്. ഇന്നലെ രാത്രി മുതല്‍ കാട്ടാന സ്ഥലത്തുണ്ടായിരുന്നുവെന്നും ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് പതിവല്ലെന്നും ആളുകള്‍ പറയുന്നു.

 

മുന്‍ മന്ത്രി ഒ ആര്‍ കേളുവും സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖും പ്രതിഷേധം നടക്കുന്ന മെഡിക്കല്‍ കോളേജില്‍ എത്തി. ജില്ലാ ഭരണകൂടത്തിന്റെ ഒരു പ്രതിനിധി പോലും ഇവിടെയെത്തിയിട്ടില്ലെന്നും ജില്ലയുടെ മന്ത്രിയും വനംവകുപ്പ് മന്ത്രിയും എവിടെയെന്നും കെ റഫീഖ് ചോദിച്ചു. മനുഷ്യന് വില കല്‍പ്പിക്കാത്ത രീതിയില്‍ പെരുമാറിയാല്‍ ജനരോഷം ഉണ്ടാകും. അടിയന്തര നടപടിയുണ്ടാകണം. നഷ്ടപരിഹാരം ഇന്നുതന്നെ കൈമാറാന്‍ നടപടിയുണ്ടാകണം എന്നും കെ റഫീഖ് പറഞ്ഞു. രണ്ടാഴ്ച യ്ക്കുള്ളില്‍ രണ്ടു പേര്‍ മരിച്ചു. 20 ദിവസത്തിനുള്ളില്‍ ആറ് പേര്‍ മരിച്ചു. അടിയന്തര നടപടിയുണ്ടാകണം. മരിച്ച രാജുവിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഫെന്‍സിംഗ് പ്രവര്‍ത്തിച്ചിട്ടില്ല. അതിനും നടപടി വേണമെന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു.കാട്ടാനയാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാജു ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം.

 

വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.