Uncategorized

കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദേശം

Spread the love

 

കുവൈത്ത് സിറ്റി/ ബഹ്റൈൻ∙ കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്റെ മിസൈലാക്രമണം. ഇരുരാജ്യങ്ങളെയും ലക്ഷ്യമാക്കി ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു.ഇതിൽ ആറ് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും ഒരെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെ വന്ന ഇറാന്റെ നാല് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടതിനും, ഖേഷ്ം ദ്വീപിലെയും ഗോരുക്കിലെയും ഇറാൻ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിനും തൊട്ടുപിന്നാലെയാണ് ഈ മിസൈൽ വർഷം.ആക്രമണങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ആർക്കും പരുക്കേറ്റതായി വിവരമില്ല. അതേസമയം, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തും ബഹ്റൈനും അടിയന്തര സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

 

∙ബഹ്റൈനിൽ അപായ സൈറണുകൾ; ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

മേഖലയിൽ സംഘർഷം കടുത്തതോടെ ബഹ്റൈനിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന്(ശനി) പുലർച്ചെ 4.15 നാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തര നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഗൾഫ് മേഖലയിൽ മിസൈൽ ആക്രമണങ്ങളും സൈനിക നീക്കങ്ങളും ശക്തമായതോടെ ജനവാസ മേഖലകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ മുൻകരുതൽ നടപടികൾ.∙മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്

കുവൈത്തിന് നേരെ ഉണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സൈനിക ജനറൽ സ്റ്റാഫിനെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ കുന റിപോർട്ട് ചെയ്തു. പുലർച്ചെ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ തകർത്തപ്പോൾ ഉണ്ടായതാണെന്ന് സൈന്യം വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.