കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു
കണ്ണൂർ: കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നലെ അർദ്ധരാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിലാണ്. സംസ്കാരം നാളെ നടക്കും.
പയ്യന്നൂർ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും, പ്രമുഖ അധ്യാപകനും കവിയും എഴുത്തുകാരനുമായിരുന്നു ശ്രീഹരി. കഴിഞ്ഞ മെയ് 30നാണ് സർവീസിൽ നിന്നും വിരമിച്ചത്. ഡി സി ബുക്സ് 1999-ൽ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും, സാഹിത്യ പ്രവർത്തക സഹകരണ സംഘം 2001-ൽ പ്രസിദ്ധീകരിച്ച ‘കവിതയുടെ നൂറ്റാണ്ട്’ എന്ന പുസ്തകത്തിലും കവിതകൾ വന്നിട്ടുണ്ട്.എ സി ശ്രീഹരിയുടെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ എൻ കക്കാട്, വി ടി കുമാരൻ, വൈലോപ്പിള്ളി എന്നി അവാർഡുകൾ നേടിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ സ്വദേശിയാണ് എ സി ശ്രീഹരി.
