‘പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കും അക്ഷരം അറിയില്ല എന്നൊരു സ്ഥിതി നിലനിൽക്കുന്നുണ്ട്, പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ’; വിദ്യാഭ്യാസ മന്ത്രി
സംസ്ഥാന സ്കൂൾ അധ്യയന ആരംഭം പ്രവേശനോത്സവത്തോടെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പ്രവേശനോത്സവം സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും നന്നായി നടപ്പാക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ ഒന്നിന് നടക്കും. തിരുവനന്തപുരം പട്ടം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.കാസർഗോഡ് ജില്ലയിലെ രണ്ട് ജില്ലാതല പ്രവേശനോത്സവം ശ്രദ്ധയിൽ വന്നിട്ടുണ്ട്. പ്രവേശനോത്സവത്തിൽ തർക്കത്തിന് ഇല്ല. രണ്ടും നടക്കട്ടെ. ആശയവിനിമയത്തിൽ വ്യക്തതക്കുറവ് ഉണ്ടായിടുണ്ട്. പ്ലസ് വൺ സീറ്റ് ആവശ്യമായ സ്ഥലങ്ങളിൽ വർധനവ് ഉണ്ടാകും.
ആർത്തവ അവധിയുടെ വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കും. വിവിധ തലങ്ങളിൽ വന്ന ആവശ്യമാണ് പരിഗണിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കും അക്ഷരം അറിയില്ല എന്നൊരു സ്ഥിതി നിലനിൽക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം സംസ്ഥാന പ്രവേശനോത്സവ ഗാനത്തിന് ഇത്തവണ എഐ ദൃശ്യാവിഷ്കാരം. ആദ്യമായാണ് എഐയില്‍ ദൃശ്യാവിഷ്കാരവും പുറത്തിറക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികളില്‍ ഹിഷാം അബ്ദുല്‍ വഹാബാണ് ഗാനം പാടിയത്.മുഖ്യമന്ത്രിയുടെ ‘പൂക്കി’ ചിരിയോടെയാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം തുടങ്ങുന്നത് തന്നെ. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനും എഐ ഗാനത്തില്‍ ഭാഗമാകുന്നുണ്ട്.
