Uncategorized

പരാതി പറയാനെത്തി, പൊലീസ് ജീപ്പുമായി മുങ്ങി; കയ്യോടെ പൊക്കി

Spread the love

 

കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി. നഗരമധ്യത്തിലെ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ജീപ്പ് കടത്താന്‍ ശ്രമിച്ച ഗുരുവായൂര്‍ സ്വദേശി ഹംസത്തിനെയാണ് നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയ്ക്ക് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് ജീപ്പുമായി കടന്നുകളയുകയായിരുന്നു പ്രതി.

 

നഗരത്തിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് എസ്.എന്‍.പാര്‍ക്ക് പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ടൗണ്‍ പൊലീസ് പറഞ്ഞു.മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടെന്ന പരാതി പറയാനാണ് പ്രതി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. വിവരങ്ങള്‍ ചോദിച്ച ശേഷം തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രൈം സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. ഹംസത്ത് ഇവിടെ എത്തിയെങ്കിലും ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നു. പലതവണ വിളിച്ചെങ്കിലും പ്രതിക്ക് പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ തിരികെ പോകാനായി ഇറങ്ങി.

 

തിരിച്ചിറങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പും ഉള്ളില്‍ താക്കോലും പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നെ ഒന്നും നോക്കിയില്ല, വാഹനം സ്റ്റാര്‍ട്ടാക്കി റോഡിലിറക്കി. ജീപ്പുമായി കടന്നുകളഞ്ഞ പ്രതി ഉത്തരമേഖലാ ഡി.െഎ.ജി.യുടെ ഓഫീസിന് മുന്നിലൂടെ നേരെ പോയത് മുനീശ്വരൻ കോവിലിന് സമീപത്തെ പെട്രോൾ പമ്പിലേക്കായിരുന്നു. ഇവിടെനിന്ന്‌ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു. ബില്ല് പോലീസിന്റ അക്കൗണ്ടിൽ ചേർത്താൽ മതിയെന്നും ജീവനക്കാരോട് പറഞ്ഞു.

 

ഇന്ധനം നിറച്ചതിനു ശേഷം ഇയാള്‍ അര കിലോമീറ്റര്‍ അകലെയുള്ള തട്ടുകടയിലെത്തി. മുഷിഞ്ഞ വസ്ത്രവും മദ്യലഹരിയും ബോധമില്ലാതെ പിറുപിറുത്തുകൊണ്ടിരുന്നതും സമീപത്തുള്ളവരിലെല്ലാം സംശയമുളവാക്കി. ഉടന്‍ തന്നെ പ്രതിയുടെ കയ്യില്‍ നിന്നും ജീപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങിയ ശേഷം ചോദ്യം ചെയ്തു. പൊലീസാണോ എന്നു ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് തട്ടുകടയിലെ ജീവനക്കാര്‍ ടൗണ്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.