ഇറാൻ കനത്ത വില നൽകേണ്ടി വരും’; ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്
ഇറാനെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്നും ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയിട്ടും ഇറാൻ വെടിവയ്പ്പ് തുടരുന്നുവെന്നും ഇസ്രയേലിന്റെ ആരോപണം. അതിനിടെ പശ്ചിമേഷ്യയിൽ പതിനായിരം സൈനികരെ കൂടെ വിന്യസിക്കാനുള്ള അമേരിക്കൻ നീക്കത്തിന് പിന്നാലെ, കരയുദ്ധത്തിന് സജ്ജമെന്ന് ഇറാൻ വ്യക്തമാക്കി.പത്ത് ലക്ഷം സൈനികരെ കരയുദ്ധത്തിന് അണിനിരത്തുമെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഇറാനിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ 10 ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാനുമായി ചർച്ചകൾ തുടർന്നുവരികയാണെന്നാണ് ട്രംപിന്റെ അവകാശവാദം. അന്ത്യശാസനം നാളെ അവസാനിക്കാനിരിക്കെയാണ് പത്തു ദിവസത്തേക്കു കൂടി ആക്രമണം നിർത്തിവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. വെടിനിർത്തലിനായി ഇറാൻ മുന്നോട്ടുവച്ച അഞ്ചിന നിർദ്ദേശങ്ങളോടുള്ള അമേരിക്കയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് നേരത്തെ ടെഹ്റാൻ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സന്ദേശങ്ങളുടെ കൈമാറ്റം ഇസ്ലാമാബാദ് വഴിയാണെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇസ്ഹാക്ക് ധർ സ്ഥിരീകരിച്ചു. എന്നാൽ അമേരിക്കയുമായി ഒരു ഉന്നതതലയോഗം നടത്തുന്നതിന് ഇറാൻ ഇനിയും സമ്മതം മൂളിയിട്ടില്ല. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ ക്വാമിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇറാന്റെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയായ ഉർമിയയിൽ നാല് റസിഡൻഷ്യൽ കെട്ടിടങ്ങൾ പൂർണമായും തകർക്കപ്പെട്ടു. പശ്ചിമേഷ്യയിലേക്ക് പതിനായിരം അധിക സൈനികരെ കൂടി അയക്കാൻ അമേരിക്ക പദ്ധതിയിടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ട്രംപിന്റെ 15 ഇന സമാധാനപദ്ധതിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തപക്ഷം കടുത്ത ആക്രമണം ഇറാൻ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ഇറാനിലെ ബുഷെഹർ ആണവനിലയത്തിനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആക്രമണത്തിൽ പശ്ചിമേഷ്യയിലെ 13 അമേരിക്കൻ സൈനികതാവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഇറാന്റെ ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ സേന വ്യക്തമാക്കി.
