Uncategorized

തൊടുപുഴയിൽ PWD എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Spread the love

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ മുതലക്കോടം സ്വദേശി ജെയിസ് ബെന്നി (27) യാണ് കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മരിച്ചത്. ഇന്നലെ രാത്രി 10:45 ഓടെയാണ് തൊടുപുഴയിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ജെയിസ് ബെന്നിയുടെ ബൈക്ക് മുതലക്കോടം മാവിൻ ചുവട്ടിൽ അപകടത്തിൽപ്പെട്ടത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം കലുങ്ക് നിർമ്മാണത്തിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴിയിൽ പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയ്സിന്റെ ജീവൻ രക്ഷിക്കാനായില്ല. പിഡബ്ല്യുഡി ജീവനക്കാരുടെ അനാസ്ഥയാണ് അപകടകാരണം എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തി.മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന കുഴി മൂടണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ തൊടുപുഴ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. PWD വിജിലൻസ് ഡെപ്യൂട്ടി എൻജിയനീറോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മറ്റന്നാൾ വിദേശത്തേക്ക് പോകാനിരിക്കെയാണ് ജെയ്സ് ബെന്നി അപകടത്തിൽ മരിച്ചത്.