Kerala

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസം സൃഷ്ടിച്ചു; കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു

Spread the love

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത നാലു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. ചടയമംഗലം പൊലീസാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.

ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കൊല്ലം ചടയമം​ഗലത്തുവെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടായത്. കസ്റ്റഡിയിൽ എടുത്ത ശേഷമാണ് നാലു വിദ്യർത്ഥികളും കേൾവിപരിമിതിയുള്ളതും സംസാര ശേഷിയില്ലാത്തവരാണെന്നും പോലീസിന് മനസിലായത്.

പിന്നാലെ തിരുവനന്തപുരത്ത് നിന്ന് അധ്യാപകനെ വിളിച്ചു വരുത്തിയ ശേഷം എല്ലാവരും വിട്ടയച്ചയ്ക്കുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് വ്യക്തമായി കാണാനോ, കേൾക്കാനോ സാധിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞത്.

ഇതേ യാത്രയിൽ കൊല്ലം പത്തനാപുരം കല്ലുംകടവിൽവെച്ച് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അഗ്നിരക്ഷാസേനയുടെ വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. ഒരു അഗ്നിരക്ഷ സേന ഉദ്യോഗസ്ഥന് പരുക്കേറ്റു.