കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തില്‍ ടാറിങ് പൊളിഞ്ഞു നീങ്ങി; കുഴികള്‍ രൂപപ്പെട്ടു
കൊച്ചി കുണ്ടന്നൂര്‍- തേവര പാലത്തിലെ ടാറിങ് പൊളിഞ്ഞു നീങ്ങി തുടങ്ങി. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. സ്റ്റോണ്‍ മാസ്റ്റിക് അസാള്‍ട്ട് ടാറിങ്ങിലാണ് പാളിച്ച സംഭവിച്ചത്. ജര്‍മന്‍ ടെക്‌നോളജിയില്‍ നിര്‍മിച്ച ടാറിങ് ആണ് പൊളിഞ്ഞു തുടങ്ങിയത്.
അറ്റകുറ്റ പണികള്‍ക്കായി മൂന്ന് തവണ പാലം അടച്ചിട്ടിരുന്നു. പറഞ്ഞതിലും നേരത്തെ തന്നെ മൂന്നാം തവണ പാലം പണി പൂര്‍ത്തിയാക്കി. പാലം ജനങ്ങള്‍ക്ക് തുറന്നു നല്‍കിയപ്പോള്‍ ജര്‍മ്മന്‍ സാങ്കേതിക വിദ്യയായ സ്റ്റോണ്‍ മാസ്റ്റിക് അസാള്‍ട്ടില്‍ നിര്‍മിച്ച പാലത്തില്‍ ഇനി ഒരു സാങ്കേതിക തകരാര്‍ ഉണ്ടാവില്ലെന്നും ടാറിങ് യാതൊരു കാരണവശാലും ഇളകി പോകില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പാണ് ഇപ്പോള്‍ വെറും വാക്കായത്.
പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രതലത്തില്‍ പ്രത്യേക അളവില്‍ മിശ്രിതം ചേര്‍ത്ത് നിര്‍മിക്കുന്നതാണ് എസ്എംഎ സാങ്കേതിക വിദ്യ. കോടികള്‍ മുടക്കി ആണ് പാലത്തിന്റെ അറ്റകുറ്റപ്പണി അന്ന് പൂര്‍ത്തിയാക്കിയത്. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് തന്നെ ജനങ്ങള്‍ ടാറിങ് പൊളിഞ്ഞു പോകുമോ എന്ന ആശങ്ക അറിയിച്ചതുമാണ്. ഇനി വലിയൊരു മഴ നീണ്ടു നിന്നാല്‍ ഇളകിപ്പോയ ഈ ടാറിങ്ങിന്റെ സ്ഥാനത്തു വന്‍ഗര്‍ത്തങ്ങള്‍ ആയിരിക്കാം രൂപപ്പെടുക. അതുവഴി പതിയിരിക്കുന്നത് വന്‍ അപകടങ്ങളും.