National

പലസ്തീനെ പിന്തുണച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്; കർണാടകയിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു

Spread the love

പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ വിജയനഗർ ജില്ലയിലാണ് സംഭവം. ആലം പാഷ എന്ന 20 കാരനെയാണ് കസ്റ്റഡിയിലെടുത്തത്.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹൊസ്പേട്ട്, വിജയ്നഗർ എന്നിവിടങ്ങളിൽ ചിലർ പലസ്തീനിന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ദേശവിരുദ്ധ വീഡിയോകൾ പ്രചരിപ്പിച്ച് ഇവർ ഹോസ്‌പേട്ടിലെ ക്രമസമാധാനം തകർക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തി.

തുടർന്നാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ആലം പാഷയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹപരമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിന് പാഷയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

ഒക്‌ടോബർ ഏഴിന് ഗാസയിൽ നിന്ന് ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ നടത്തിയ റോക്കറ്റ് ആക്രമണവും തുടർന്നുള്ള ഇസ്രായേൽ തിരിച്ചടിയിലും ഇരുവശത്തുമായി 2800-ലധികം പേർ ഇതിനോടകം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.