World

ഹമാസ് ആക്രമണത്തില്‍ പ്രതികരിച്ച് ലോകരാജ്യങ്ങള്‍; പലസ്തീന് ഇറാന്റെ പിന്തുണ

Spread the love

ഇസ്രയേലിന് നേരെ നടക്കുന്ന പലസ്തീന്‍ ഗ്രൂപ്പ് ഹമാസിന്റെ ആക്രമണത്തില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. സമീപവര്‍ഷങ്ങളില്‍ ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗാസ മുനമ്പില്‍ നിന്ന് നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ നഗരപ്രദേശങ്ങളിലേക്ക് കടന്ന തോക്കുധാരികള്‍ ഉള്‍പ്പെട്ട സംഘം ഇരുപതിലധികം പേരെ കൊലപ്പെടുത്തി.

ഇസ്രയേലിന് നേരയുണ്ടായ റോക്കറ്റ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ബെല്‍ജിയം പ്രതികരിച്ചു. ആക്രമണവും ഭീകരതയും ദുരിതം കൂട്ടാനേ സഹായിക്കൂ എന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി ഹജ്ജ ലഹ്ബീബ് എക്‌സില്‍ കുറിച്ചു. യുദ്ധം ബാധിക്കുന്ന എല്ലാവര്‍ക്കുമൊപ്പം രാജ്യം നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എക്‌സില്‍ പോസ്റ്റില്‍ കുറിച്ചു. ഇത്തരം ഹീനമായ ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പരമാവധി സംയമനം പാലിക്കണമെന്നും സാധാരണക്കാരെ അപകടത്തിലേക്കെത്തിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ഈജിപ്ത് ആഹ്വാനം ചെയ്തു. സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെലുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.

ഇസ്രായേലിനെതിരായ ആക്രമണങ്ങളെ’ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇരകളോടും കുടുംബങ്ങളോടും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും മാക്രോണ്‍ എക്‌സില്‍ പ്രതികരിച്ചു. ഇസ്രായേലിനോടും ഇസ്രായേലികളോടും ഒപ്പം നില്‍ക്കുന്നതായി ഫ്രഞ്ച് എംബസി അറിയിച്ചു. ഇസ്രായേലിനെതിരെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു.

പലസ്തീന്‍ ആക്രമണത്തെ പിന്തുണച്ച് ഇറാന്‍ രംഗത്തെത്തി. ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്നതായി ഇറാന്റെ പരമോന്നത നേതാവ് അലി ഹുസൈനി ഖമേനിയുടെ ഉപദേഷ്ടാവ് പറഞ്ഞു. പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായും പലസ്തീനിന്റെയും ജറുസലേമിന്റെയും വിമോചനം വരെ പലസ്തീന്‍ പോരാളികള്‍ക്കൊപ്പം നില്‍ക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചു.