World

ഇസ്രയേലിൽ പണിയെടുക്കാൻ ആളില്ല; വാഗ്‌ദത്ത ഭൂമി തേടിപ്പോയ ഇന്ത്യാക്കാർക്കും ദുരിതം

Spread the love

ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ കാർഷിക മേഖലയിൽ ജോലിക്ക് ആൾക്ഷാമം രൂക്ഷം. ഏറ്റവുമധികം തൊഴിലാളികളെത്തിയിരുന്ന പലസ്തീനിൽ നിന്ന് തൊഴിലാളികൾ വരാതായും ആക്രമണത്തിന് പിന്നാലെ തായ്‌ തൊഴിലാളികൾ അടക്കം മടങ്ങിപ്പോയതുമാണ് വെല്ലുവിളി. എട്ട് മണിക്കൂർ ജോലിയും മോഹിപ്പിക്കുന്ന ശമ്പളവുമെല്ലാമുണ്ടെങ്കിലും ഇസ്രയേലിലെ തൊഴിൽ സാഹചര്യം അത്ര നല്ലതല്ലെന്ന് ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ളവർ പറയുന്നു.

ഗുജറാത്തിലെ പോർബന്തറിൽ നിന്ന് മികച്ച 1500 ഡോളർ പ്രതിമാസ ശമ്പളവും എട്ട് മണിക്കൂർ ജോലിയും പ്രതീക്ഷിച്ച് ഇസ്രയേലിലെത്തിയ മഹേഷ് ഒഡേദരയ്ക്ക് തൊഴിലുടമ ഒറ്റ രൂപ പോലും ശമ്പളം നൽകിയില്ല. മാത്രമല്ല, അസഭ്യം പറയുകയും ജോലിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. രാജ്യത്ത് ജോലിക്ക് ആളെ കിട്ടാത്ത സാഹചര്യമായതോടെ ഇന്ത്യ, മലവി, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിന് തൊഴിലാളികളെ ഇറക്കുകയാണ് ഇസ്രയേലിലെ കർഷകർ.

എന്നാൽ ഇസ്രയേലിലെത്തുന്ന തൊഴിലാളികൾക്ക് 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സ്ഥിതിയെന്നും തൊഴിലുടമയുടെ ശകാരവും അസഭ്യവും കേട്ട് കഴിയേണ്ട സ്ഥിതിയുമുണ്ടെന്നാണ് മറ്റൊരു ആരോപണം. ശമ്പളത്തിനും അവകാശങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങൾക്കുമായി പൊരുതേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് ഇന്ത്യാക്കാരായ തൊഴിലാളികളെ ഉദ്ധരിച്ച് ഫോറിൻ പോളിസി എന്ന അന്താരാഷ്ട്ര ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1967 മുതൽ ഇസ്രയേലിലെ തൊഴിലാളികളിൽ വലിയ വിഭാഗം പലസ്തീൻകാരായിരുന്നു. 1990 കാലത്താണ് ഇസ്രയേൽ-പലസ്തീൻ തർക്കം സംഘർഷത്തിലേക്ക് കടന്നത്. ഇതിന് ശേഷമാണ് ഇസ്രയേലിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തിയത്. 2021 ലെ കണക്ക് പ്രകാരം ഇസ്രയേലിലേക്ക് കുടിയേറിയ തൊഴിലാളികളിൽ മൂന്നിലൊന്ന് ഭാഗം പലസ്തീൻകാരായിരുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെ തുടർന്ന് 20000 ത്തോളം പലസ്തീൻ തൊഴിലാളികളെ രാജ്യത്തേക്ക് കടക്കുന്നതിൽ നിന്ന് ഇസ്രയേൽ വിലക്കിയിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്തീൻ തൊഴിലാളികളെയെങ്കിലും തിരികെയെത്തിക്കണമെന്ന് ഇസ്രയേലിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും തീവ്ര ദേശീയവാദികളായ മറുവിഭാഗം ഇതിനെ അനുകൂലിക്കാൻ തയ്യാറാകുന്നില്ല.

2012 ലെ ഉഭയകക്ഷി കരാറിൻ്റെ ഭാഗമായാണ് തായ് തൊഴിലാളികൾ ഇസ്രയേലിൽ ജോലിക്കെത്തിയിരുന്നത്. 7800 ഓളം തായ് തൊഴിലാളികളാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 39 തായ് തൊഴിലാളികൾ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യം വിട്ടു. ഇതോടെ ഒറ്റ രാത്രി കൊണ്ട് മൂന്നിലൊന്നോളം തൊഴിൽ ശേഷി ഇസ്രയേലിന് നഷ്ടമായി. ഇതേ തുടർന്ന് ഇസ്രയേലി കർഷകരുടെ വരുമാനം താഴേക്ക് പോയി. നവംബർ ആയപ്പോഴേക്കും അയ്യായിരം തൊഴിലാളികളെ കൂടെ മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിക്കുമെന്ന് സർക്കാർ പറഞ്ഞു, അതിനായി പുതിയ ഇമിഗ്രേഷൻ പോളിസിയും ഉണ്ടാക്കി.

എന്നാൽ മോശം തൊഴിൽ സാഹചര്യത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തെന്നാണ് ടെൽ അവീവ് ആസ്ഥാനമായി തൊഴിലാളികൾക്ക് വേണ്ട് പ്രവർത്തിക്കുന്ന Kav LaOved – കാവ് ലവ്‌ഡ് എന്ന സംഘടനയുടെ ഒറിത് റൊനെൻ പറഞ്ഞത്. ഇവർക്ക് ഡിസംബറിൽ മാത്രം മോശം തൊഴിൽ സാഹചര്യത്തെ കുറിച്ച് പരാതിപ്പെടേണ്ടത് എങ്ങിനെയെന്ന് ചോദിച്ച് 300 ഓളം കത്തുകൾ ലഭിച്ചിരുന്നു. ഒക്ടോബർ ഏഴിന് ശേഷം രാജ്യത്തെ തൊഴിൽ നിയമങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിൽ നീതിനിർവഹണ ഏജൻസികൾ പുറകോട്ട് പോയി. ജോലി നഷ്ടമാകുമോ, നാട്ടിലേക്ക് മടക്കിവിടുമോ തുടങ്ങിയ ഭയവും തൊഴിലാളികളെ തങ്ങളുടെ പ്രയാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. എന്നാൽ ഒരിടത്ത് ജോലി നഷ്ടപ്പെട്ടാൽ വിദേശത്ത് നിന്നുള്ള തൊഴിലാളികൾക്ക് പിന്നീടുള്ള 90 ദിവസം കൂടി ഇസ്രയേലിൽ താമസിക്കാനും പുതിയ തൊഴിൽ കണ്ടെത്താനും സാധിക്കുന്നതാണ് ഇവിടുത്തെ തൊഴിൽ നിയമം.
ഈ സാഹചര്യത്തിലാണ് ഇവിടെയുള്ള മലയാളികളും ജീവിക്കുന്നത്. കേരളത്തിൽ നിന്നുള്ള തൊഴിലാളി മെൽബിൻ പോൾ എന്ന 29 കാരന് താൻ താമസിക്കുന്നതും തൊഴിലെടുക്കുന്നതും ഒരു യുദ്ധമുഖത്താണെന്ന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഇസ്രയേലിൽ ആദ്യമായി എത്തിയതായിരുന്നു ഇദ്ദേഹം. മാർച്ച് നാലിന് രാവിലെ പോളും സുഹൃത്തുക്കളും രാവിലെ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇസ്രയേൽ-ലെബനൻ അതിർത്തി പ്രദേശത്തെ ഈ സ്ഥലത്തേക്ക് മിസൈൽ വന്ന് പതിച്ചത്. കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് മിസൈൽ താഴെ വീണ് സ്ഫോടനം നടന്നു. ഇതിലാണ് പാറ്റ് നിബിൻ മാക്‌സ്‌വെൽ എന്ന മലയാളി കൊല്ലപ്പെട്ടത്. പോളിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹമാസ് ആക്രമണത്തിന് മുൻപും ഇസ്രയേലിൻ്റെ ശത്രുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് അധികവും ഇതര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു. ഏപ്രിൽ 13 ന് ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ ഇന്ത്യാക്കാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാനും സുരക്ഷിതരായി ഇരിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമടക്കം കൂടുതൽ തൊഴിലാളികളെ രാജ്യത്ത് എത്തിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. 3000 പേരെ നവംബറിൽ ഇസ്രയേലിലേക്ക് എത്തിച്ചിരുന്നു. ഇനി 12000 വരെ തൊഴിലാളികളെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കാനാണ് ആലോചന. അതേസമയം ശ്രീലങ്കയിൽ നിന്ന് മാത്രമാണ് 10000 പേരെ എത്തിക്കാനും തീരുമാനമുണ്ട്.

നാട്ടിൽ ലഭിക്കുന്നതിനേക്കാൾ വളരെ ഉയർന്ന ശമ്പളമാണ് ഇസ്രയേലിൽ ലഭിക്കുന്നതെന്നതാണ് പ്രധാന ആകർഷണം. അതിനാൽ തന്നെ ഇസ്രയേലിലെത്തുന്ന ഇന്ത്യാക്കാരായ തൊഴിലാളികൾക്കടക്കം അവിടെ തന്നെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിൽ ജോലി ചെയ്യണമെന്ന ആഗ്രഹമാണ് ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പലസ്തീനിൽ നിന്നുള്ളവർക്ക് ഇസ്രയേലിൽ അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതി വരും. തങ്ങളുടെ സ്വന്തം പൗരന്മാർക്ക് ചെയ്യാവുന്ന ജോലിയുടെ പരിമിതികളറിയുന്ന ഇസ്രയേൽ ഇനിയും തൊഴിലാളികളെ കൈനീട്ടി സ്വീകരിക്കും. അപ്പോഴും തൊഴിൽ സാഹചര്യങ്ങൾ മികച്ചതാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കൂടി ഇന്ത്യയുടെ അടക്കം വിദേശകാര്യ മന്ത്രാലയങ്ങൾ കാട്ടേണ്ടതുണ്ട്.