‘ഇസ്‌കോൺ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നു’; വിവാദ പരാമർശത്തിൽ മനേക ഗാന്ധിക്ക് മാനനഷ്ട നോട്ടീസ്
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേക ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ കൃഷ്ണ ഭക്ത സംഘടനയായ ഇസ്‌കോൺ. മനേക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് നൽകി. ലോകമെമ്പാടുമുള്ള ഭക്തരെ എംപിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് ഇസ്‌കോൺ വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് പറഞ്ഞു.
ഇസ്‌കോണിന്റെ ഗൗശാലയിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുകയാണെന്നായിരുന്നു മനേക ഗാന്ധിയുടെ ആരോപണം. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റുന്ന വഞ്ചകരാണ് ഇസ്‌കോണെന്നും ബിജെപി എംപി തുറന്നടിച്ചു. ഇതിനിന് പിന്നാലെയാണ് ഇസ്‌കോണിൻ്റെ പ്രതികാര നടപടി. മനേക ഗാന്ധിക്ക് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചിരിക്കുകയാണ് ഇസ്‌കോൺ.
നിന്ദ്യവും അപലപനീയവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങളിൽ, ലോകമെമ്പാടുമുള്ള ഭക്തരും അനുഭാവികളും അഭ്യുദയകാംക്ഷികളുമടങ്ങുന്ന തങ്ങളുടെ സമൂഹം ദുഃഖിതരാണെന്ന് ഇസ്‌കോണിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് പറഞ്ഞു. ഇസ്‌കോണിനെതിരായ തെറ്റിദ്ധാരണാജനകമായ ഇത്തരം പ്രചരണങ്ങൾക്കെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.