NationalTop News

സായി ബാബയുടെ വിഗ്രഹങ്ങള്‍ വാരണാസിയിലെ ക്ഷേത്രങ്ങളില്‍ നിന്ന് നീക്കി ഹിന്ദു സംഘടന

Spread the love

വാരണാസിയിലെ ക്ഷേത്രങ്ങളില്‍ നിന്ന് സായി ബാബയുടെ വിഗ്രഹങ്ങള്‍ നീക്കണമെന്ന് പറഞ്ഞ് ക്യാംപെയ്ന്‍ നടത്തിയ പ്രാദേശിക രാഷ്ട്രീയ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സനാതന്‍ രക്ഷക് ദള്‍ എന്ന ഹിന്ദു സംഘടനയുടെ നേതാവ് അജയ് ശര്‍മയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഇയാള്‍ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളില്‍ നിന്ന് സായി ബാബയുടെ വിഗ്രഹങ്ങള്‍ നീക്കിയിരുന്നു. സമാധന ലംഘനം ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വിഖ്യാതമായ ബഡ ഗണേശ് ക്ഷേത്രത്തിലേത് ഉള്‍പ്പടെ 14 സായ് ബാബ വിഗ്രഹങ്ങളാണ് ശര്‍മയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. 50 ക്ഷേത്രങ്ങളില്‍ കൂടി സായിബാബയുടെ വിഗ്രഹം നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാശിയില്‍ (വാരണാസി) ശിവ ഭഗവാനെ മാത്രമേ ആരാധിക്കാവു എന്നാണ് ശര്‍മ പറയുന്നത്.

ഇതോടെ സായി ബാബ ഭക്തന്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ക്ഷേത്രങ്ങളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. സായി ബാബ ക്ഷേത്രങ്ങളുടെ മാനേജര്‍മാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ യോഗം ചേരുകയും ക്ഷേത്ര പരിസരം ദുഷിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പൊലീസ് കമ്മീഷണറെ സമീപിക്കാനും തീരുമാനിക്കുകയായിരുന്നു.