‘കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല’; അധിക റെയ്ക് കൊച്ചുവേളിയിലെത്തി
രണ്ടാം വന്ദേഭാരത് പണിമുടക്കിയാലും സര്‍വീസ് മുടങ്ങില്ല ഇതിനായി അനുവദിച്ച അധിക റെയ്ക് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തി. രണ്ട് റയ്‌ക്കുകളും മാറി മാറിയാകും സർവീസ് നടത്തുക. സർവീസുകൾക്കിടയിൽ അറ്റകുറ്റ പണികൾക്ക് ഒരു മണിക്കൂർ മാത്രം ഉള്ളതുകൊണ്ടാണ് അധിക റെയ്ക് അനുവദിച്ചത്.
ആലപ്പുഴ വഴി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ പകരക്കാരനായി ഈ ട്രെയിൻ ഉപയോഗിക്കുകയാണ് ലക്ഷ്യം.പുതിയതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ദൈനംദിന അറ്റകുറ്റപ്പണികൾക്കായി മാറ്റിയിടേണ്ടി വരുമ്പോൾ സർവീസ് മുടക്കാതിരിക്കാനാണ് പുതിയ റേക്ക് എത്തിച്ചത്.
പുതിയ വന്ദേഭാരത് എക്സ്പ്രസിൽ നിന്നു വ്യത്യസ്തമായി പഴയ വർണ ശ്രേണിയിൽ നീലയും വെള്ളയും നിറമുള്ളതാണ് പകരക്കാരൻ റേക്ക്. എന്നാൽ, 8 കമ്പാർട്ട്മെന്റുകൾ മാത്രമേ ഈ ട്രെയിനിലും ഉണ്ടാകൂ. വന്ദേഭാരത് എക്സ്പ്രസ് അറ്റകുറ്റപ്പണി നടത്താനുള്ള യാഡ് സൗകര്യം നിലവിൽ തിരുവനന്തപുരം കൊച്ചുവേളിയിലാണുള്ളത്.
ആലപ്പുഴ വഴിയുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസ് ദൈനംദിന യാത്രയിൽ വൈകിട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. 4.05 ന് കാസർകോട്ടേക്കു യാത്ര തിരിക്കും. ഇതിനിടയിൽ ഒരു മണിക്കൂർ മാത്രമുള്ളതിനാൽ അറ്റകുറ്റപ്പണികൾക്കു സമയം ലഭിക്കില്ല. അതിനാലാണ് ഈ റൂട്ടിലെ സർവീസ് മുടങ്ങാതിരിക്കാൻ തിരുവനന്തപുരം ഡിവിഷനു പുതിയ റേക്ക് നൽകിയതെന്നു റെയിൽവേ അറിയിച്ചു.