NationalTop News

മുസ്‌ലിം മതസ്ഥര്‍ താമസിക്കുന്ന പ്രദേശത്തെ ‘പാക്കിസ്ഥാന്‍’ എന്ന് വിളിച്ചു; കര്‍ണാടകയിലെ ജഡ്ജിക്കെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

Spread the love

ബെംഗളൂരുവില്‍ മുസ്‌ലിം വിഭാഗക്കാര്‍ കൂട്ടമായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാന്‍ എന്ന് വിളിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നടപടിയില്‍ ഇടപെട്ട് സുപ്രിംകോടതി. ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ പരാമര്‍ശത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കര്‍ണാടക ഹൈക്കോടതിയോട് വിഷയത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരോട് സുപ്രിംകോടതി ഉപദേശം തേടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ജഡ്ജിമാര്‍ സംയമനം പാലിക്കണമെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ജഡ്ജിമാര്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും പറഞ്ഞു. വനിതാ അഭിഭാഷകയോട് നടത്തിയ ഈ ആക്ഷേപപരമായ പരാമര്‍ശത്തിലും കൂടിയാണ് നടപടി.

പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. മൈസൂര്‍ റോഡ് മേല്‍പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന. മൈസൂര്‍ മേല്‍പാലത്തിലേക്ക് പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അതിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാക്കിസ്ഥാനിലെ ഗോരി പാലിയാണ്. ഇതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നിയമം ബാധകമല്ല. എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പൊലീസുകരാനായാലും അവിടെയുള്ളവര്‍ അദ്ദേഹത്തെ ഉപദ്രവിക്കും,’ ജഡ്ജി പറഞ്ഞു. വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സുപ്രീം കോടതി ഇടപെടുകയായിരുന്നു.

പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ വിവാദം കത്തി നില്‍ക്കെയാണ് ഇതേ ജഡ്ജി ഒരു വനിതാ അഭിഭാഷകയോട് നടത്തിയ ആക്ഷേപ പരാമര്‍ശത്തിന്റെ വീഡിയോ കൂടി വൈറലായത്. കേസില്‍ വാദം കേള്‍ക്കേ എതിര്‍ കക്ഷികളെ കുറിച്ച് നിങ്ങള്‍ക്ക് ഒരുപാട് അറിയാമെന്ന് തോന്നുന്നുവെന്നും, നാളെ രാവിലെ അദ്ദേഹം ഏത് നിറത്തിലുള്ള അടിവസ്ത്രമാണ് ധരിച്ചതെന്നും പറയുമെന്നുമായിരുന്നു ചിരിച്ചുകൊണ്ട് ജഡ്ജി പറഞ്ഞത്.