Kerala

കഥകളി ആചാര്യന്‍ ആര്‍എല്‍വി ദാമോദര പിഷാരടിയുടെ ശതാഭിഷേകം വിപുലമായി ആഘോഷിച്ചു

Spread the love

പ്രശസ്ത കഥകളി ആചാര്യന്‍ ആര്‍എല്‍വി ദാമോദര പിഷാരടിയുടെ ശതാഭിഷേകം ‘സാമോദ ദാമോദരം’ എന്ന പേരില്‍ വിപുലമായി ആഘോഷിച്ചു. തൃപ്പൂണിത്തുറയുടെ കഥകളി പാരമ്പര്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ദാമോദര പിഷാരടിയ്ക്ക് ശിഷ്യരും കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് ആദരമര്‍പ്പിച്ചത്. സിനിമാ താരമായ ബാബു നമ്പൂതിരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ശ്രീദേവി രാജന്‍, കല വിജയന്‍, തലവടി അരവിന്ദന്‍, കലാമണ്ഡലം രാമന്‍ നമ്പൂതിരി, ആര്‍എല്‍വി രാമന്‍ നമ്പൂതിരി, ആര്‍എല്‍വി ഗോപി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കഥകളി സംഗീതം, ഓട്ടന്‍ തുള്ളല്‍, കഥകളി തുടങ്ങി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു. കോട്ടയ്ക്കല്‍ മധു, നെടുമ്പള്ളി രാമന്‍ എന്നിവരാണ് കഥകളി പദക്കച്ചേരി നടത്തിയത്.

കഥകളി രംഗത്ത് ആര്‍എല്‍വി ദാമോദര പിഷാരടി നല്‍കിയ സംഭാവനകള്‍ക്ക് ആദരം നല്‍കാനായി വൈകീട്ട് നടന്ന സമാദരണ സമ്മേളനം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമ്മേളനശേഷം ദുരോദ്യനവധം കഥകളി നടന്നു. തൃപ്പൂണിത്തുറ കളിക്കോട്ട പാലസിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. 2002ലെ കേരള കലാമണ്ഡലം അവാര്‍ഡ് ഉള്‍പ്പെടെ നേടിയ കഥകളി ആചാര്യനാണ് ആര്‍എല്‍വി ദാമോദര പിഷാരടി.