Wayanad

കനത്ത മഴ; വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Spread the love

കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂള്‍, മുണ്ടക്കൈ യുപി സ്കൂള്‍ എന്നിവയ്ക്കാണ് ഇന്ന് അവധി നല്‍കിയത്.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഉള്‍പ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു. സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. മേപ്പാടി, മുണ്ടക്കൈ മേഖലയിൽ രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിലും ഉണ്ടായി.പുത്തുമല കാശ്മീർ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയത്.

അതേസമയം വയനാട് ബാണാസുര സാഗർ അണക്കെട്ടില്‍ പ്രഖാപിച്ച ഓറഞ്ച് അലേർട്ട് തുടരുകയാണ്. ജലനിരപ്പ് 772.50 മീറ്റർ ആയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ഇന്നലെ കാര്യമായ മഴ പെയ്യാത്തതിനാൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിട്ടില്ല. ജലനിരപ്പ് 773.50 മീറ്ററായില്‍ ഷട്ടർ തുറക്കുമെന്ന് വയനാട് ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്‍റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.