National

ഇന്ത്യയിലെ വേതനം പാകിസ്താനും നൈജീരിയക്കും താഴെയെന്ന് റിപ്പോർട്ട്; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്

Spread the love

ഇന്ത്യയിലെ ജനങ്ങളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം പാകിസ്താൻ, നൈജീരിയ തുടങ്ങിയ അവികസിത രാജ്യങ്ങളേക്കാൾ താഴെയാണെന്ന് ആഗോള റിപ്പോർട്ട്. വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പ്രതിമാസ കുറഞ്ഞ വേതനം 45 ഡോളറും (3,760.61 രൂപ) നൈജീരിയയിൽ 76 ഡോളറും (6,351.25 രൂപ) പാകിസ്താനിൽ 114 ഡോളറുമാണ് (9,526.88 രൂപ). ഇന്ത്യയ്ക്ക് പിന്നിലുള്ളതാകട്ടെ 28 ഡോളർ പ്രതിമാസ വരുമാനമുള്ള ശ്രീലങ്കയും കിർഗിസ്താനും മാത്രമാണ്. കേന്ദ്രസർക്കാരിൻ്റെ നയങ്ങളിലെ വീഴ്ചയാണ് തൊഴിൽ പ്രതിസന്ധിക്ക് കാരണമെന്നാരോപിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി.

പവൻ ഖേര എക്സിൽ വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കുറഞ്ഞ വേതനമുള്ള രാജ്യങ്ങളുടെ പട്ടിക പങ്കുവെച്ചു. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന സ്വപ്നമാണ് ജിഡിപി വളർച്ചയുടെ പേര് പറഞ്ഞ് മോദി വിൽക്കുന്നത്. എന്നാൽ യാഥാർഥ്യമിതല്ലെന്ന് പവൻ ഖേര പോസ്റ്റിൽ പറയുന്നു.

രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരെയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതിനെതിരെയും വിവിധ വകുപ്പുകളിലായുള്ള 10 ലക്ഷത്തോളം ഒഴിവുകൾ നികത്താത്തിനെതിരെയും കോൺഗ്രസ് നേതൃത്വം ശക്തമായി പ്രതികരിക്കുന്നുണ്ട്. ഏഴ് ശതമാനം ജിഡിപി വളർച്ചാനിരക്ക് ഉണ്ടായിട്ടും ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ പ്രയാസപ്പെടുകയാണെന്ന യുഎസ് ആസ്ഥാനമായുള്ള ബാങ്കിങ് ഭീമൻ സിറ്റിഗ്രൂപ് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇതിനെ കേന്ദ്ര തൊഴിൽ മന്ത്രാലയം തള്ളിയിുന്നു. രാജ്യത്ത് വർഷം 1.2 കോടി തൊഴിലവസരങ്ങൾ അധികമായി സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും എന്നാൽ ഏഴ് ശതമാനത്തിന് മേലെ സാമ്പത്തിക വളർച്ചയുണ്ടായിട്ടും ഇന്ത്യക്ക് അത് സാധിക്കുന്നില്ലെന്നുമാണ് സിറ്റി ഗ്രൂപ്പിൻ്റെ റിപ്പോർട്ടിലെ പ്രധാന വിമർശനം. ഇതിനെയും കോൺഗ്രസ് വലിയ ആയുധമാക്കിയിരുന്നു.