National

അപൂർവ നിധി ശേഖരമുള്ള ‘രത്ന ഭണ്ഡാരം’ ഇന്ന് തുറക്കും, 46 വർഷത്തിന് ശേഷം ആദ്യം; പുരിയിലേക്ക് കണ്ണുനട്ട് രാജ്യം

Spread the love

ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറക്കുന്നു. 46 വർഷത്തിന് ശേഷം ആദ്യമായാണ് ഭണ്ഡാരം തുറക്കുന്നത്. ഭണ്ഡാരത്തിലെ ആഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് തുറക്കുന്നത്. അവസാനമായി 1978 ലാണ് ഭണ്ഡാരം തുറന്നത്. ബിജെപി സംസ്ഥാന സർക്കാർ അധികാരത്തിലേറി ഉടനെയാണ് തീരുമാനം. ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം ജൂലൈ 14 ന് തുറക്കും. തീരുമാനം സർക്കാർ അംഗീകരിച്ചെന്നും നിലവറ നവീകരിക്കുമെന്നും സ്വത്തിന്റെ കണക്കെടുക്കുമെന്നും ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു.

സർക്കാർ അംഗീകരിച്ച നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ജെടിഎ ചീഫ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറക്കുക. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അംഗങ്ങളും ക്ഷേത്ര സേവകരും സംഘത്തിലുണ്ടാകും. ആഭരണങ്ങളുടെ ശേഖരണ പ്രക്രിയയിൽ സുതാര്യത നിലനിർത്താനാണ് ആർബിഐയുടെ സഹായം തേടിയത്. കണക്കെടുപ്പിന്റെ സമയത്ത് ആർബിഐ പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിംഗ് കമ്മിറ്റി രൂപീകരിച്ച ടീമിന് പിന്തുണ നൽകുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1978-ൽ പരിശോധന പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ 70 ദിവസത്തിലധികം സമയമെടുത്തു.

പ്രക്രിയ വേഗത്തിലാക്കാൻ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഒഡീഷ സർക്കാർ പദ്ധതിയിടുന്നത്. ഭാവിയിലെ റഫറൻസിനായി ആഭരണങ്ങളുടെ ഡിജിറ്റൽ കാറ്റലോഗ് സൃഷ്ടിക്കുന്നതിനായി ഉദ്യോഗസ്ഥർ ഫോട്ടോകൾ എടുക്കുമെന്നും ഹരിചന്ദൻ ശനിയാഴ്ച സൂചിപ്പിച്ചു.

ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു ‌രത്നഭണ്ഡാരം. 11.78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റർ നീളവും 6.74 മീറ്റർ വീതിയുമാണുള്ളത്. ബഹാര ഭണ്ഡാർ, ഭിതാര ഭണ്ഡാർ എന്നിങ്ങനെ രണ്ട് അറകളുണ്ട്. ബ്രിട്ടിഷ് ഭരണകാലത്താണു രത്‌നഭണ്ഡാരത്തിലെ വസ്തുക്കളുടെ ഔദ്യോഗിക കണക്കു തയാറാക്കിയത്. 1805 ജൂൺ 10ന് പുരി കലക്ടർ ചാൾസ് ഗ്രോം കണക്കെടുത്തു. 64 സ്വർണ, വെള്ളി ആഭരണങ്ങൾ, 128 സ്വർണ നാണയങ്ങൾ, 24 സ്വർണപ്പതക്കങ്ങൾ, 1297 വെള്ളി നാണയങ്ങൾ, 106 ചെമ്പു നാണയങ്ങൾ, 1333 തരം വസ്ത്രങ്ങൾ എന്നിവയുണ്ടെന്നായിരുന്നു അന്നത്തെ റിപ്പോർട്ട്.