National

പാഠ്യദ്ധതിയിൽ മനുസ്മൃതി ഉൾക്കൊള്ളിക്കാൻ ശുപാർശ; പ്രതിഷേധിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ; പിന്‍മാറി ഡൽഹി സർവകലാശാല

Spread the love

പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള നീക്കം വിവാദമായതോടെ ഇതിൽ നിന്ന് പിൻവാങ്ങി ഡൽഹി സർവകലാശാല. എൽഎൽബി കോഴ്സുകളിൽ മനുസ്മൃതിയിലെ ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശമുണ്ടെന്ന വാർത്തകൾ വിവാദമായതോടെ വൈസ് ചാൻസലർ യോഗേഷ് സിംഗാണ് മനുസ്മൃതി പഠിപ്പിക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്.

എൽഎൽബി കോഴ്സിൽ ജുറിസ്പ്രുഡൻസ് പാഠഭാഗത്ത് മനുസ്മൃതിയിലെ ഭാഗങ്ങൾ ഉൾപ്പെടുത്താൻ ശുപാർശയുണ്ടായിരുന്നുവെന്നും എന്നാലിത് സർവകലാശാല തള്ളിയെന്നും വിസി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ഡൽഹി സർവകലാശാലയിലെ നിയമ പഠന വിഭാഗത്തിൽ നിന്നുള്ള സമിതിയാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്.

ഈ വിഷയം ഇന്ന് ഡൽഹി സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം ചർച്ച ചെയ്യാനിരിക്കെയാണ് വിസിയുടെ പ്രഖ്യാപനം. എന്നാൽ മനുസ്മൃതി പഠിപ്പിക്കുന്നതിനെ ന്യായീകരിച്ച് ഡൽഹി സർവകലാശാലയിലെ നിയമ പഠന വിഭാഗം ഡീൻ അഞ്ജു വാലി ടിക്കൂ രംഗത്ത് വന്നു. സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, ജാതി തുടങ്ങിയവ സംബന്ധിച്ച് മനുസ്മൃതിയെ കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാൻ ഉപകരിക്കുന്നതായിരുന്നു ശുപാർശയെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു. ഭരണഘടനാവിരുദ്ധമാണ് സർവകലാശാലയുടെ തീരുമാനമെന്ന് വിമർശിച്ച് കോൺഗ്രസിൻ്റെ എസ്‌സി വിഭാഗം സംഘടന പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരുന്നു. എൻഎസ്‌യുവിൻ്റെ നേതൃത്വത്തിൽ സർവകലാശാലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജയ്റാം രമേശ് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.