National

മഹാരാഷ്ട്രയില്‍ മോദി പ്രചാരണത്തിനിറങ്ങിയ മിക്കയിടങ്ങളിലും തോല്‍വി അറിഞ്ഞ് എന്‍.ഡി.എ

Spread the love

ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുകയാണെങ്കിലും ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ തിരിച്ചടികളുടെ റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തുവരികയാണ്. മഹാരാഷ്ട്രയില്‍ മോദി പ്രചാരണത്തിനെത്തിയ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടെന്ന വിവരം തെല്ലൊന്നുമല്ല നേതൃത്വത്തെ അലട്ടുന്നത്. 2019-ല്‍ 23 സീറ്റുകളില്‍ വിജയിക്കാനായ പാര്‍ട്ടിക്ക് വെറും ഒമ്പത് സീറ്റിലാണ് ഇത്തവണ വിജയം കണ്ടെത്താനായത്. തോല്‍വി രുചിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനെത്തിയതായിരുന്നു. 18 മണ്ഡലങ്ങളില്‍ ഒന്നിലധികം തവണ പൊതുയോഗങ്ങളിലും റോഡ് ഷോകളിലും മോദി പങ്കെടുത്തു. ഇവയില്‍ 15 എണ്ണത്തില്‍ എന്‍.ഡി.എക്ക് വിജയിക്കാനായില്ല.

മുംബൈ: ഇവിടെ ആറ് പൊതുയോഗങ്ങളിലാണ് നരേന്ദ്ര മോദി പങ്കെടുത്തത്. എന്നാല്‍ എന്നാല്‍ സഖ്യത്തിന് വിജയം ഉറപ്പിക്കാനായത് രണ്ട് മണ്ഡലത്തില്‍ മാത്രമാണ്. മുംബൈ നോര്‍ത്തില്‍ നിന്നും പിയൂഷ് ഗോയലും വടക്കുപടിഞ്ഞാറന്‍ മുംബൈ മണ്ഡലത്തില്‍ നിന്നും രവീന്ദ്ര വെയ്ക്കറും മാത്രമാണ് ജനവിധിയില്‍ ഒന്നാമത് എത്തിയത്.

പ്രധാനമന്ത്രി റോഡ്ഷോക്കെത്തിയ ഘട്കോപാര്‍ മുംബൈ നോര്‍ത്ത് ഈസ്റ്റ് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്നതാണ്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി മിഹിര്‍ കൊടേച്ചയെ ശിവസേന (യുബിടി) സ്ഥാനാര്‍ത്ഥി സഞ്ജയ് ദിന പാട്ടീല്‍ 29,861 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

പൂനെ: ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി മുരളീധര്‍ മൊഹോളിനായി നരേന്ദ്ര മോദി പൊതുയോഗത്തില്‍ വോട്ട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ രവീന്ദ്ര ധന്‍ഗേകറോട് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധര്‍ തോല്‍വിയറിഞ്ഞത്.