ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കാനാകില്ല; നീറ്റ് വിവാദത്തിൽ സത്യവാങ്മൂലവുമായി എൻടിഎ
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്മൂലവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പട്നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേട് നടന്നതെന്നും ഒറ്റപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ പരീക്ഷ പൂർണമായും റദ്ദാക്കാനാകില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ഗോദ്രയിൽ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ടി സഹായത്തോടെയാണ് ക്രമക്കേട് നടന്നത്രാ. രാജ്യത്ത് മറ്റിടങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ആൾമാറാട്ടങ്ങളെക്കുറിച്ചാണ്. സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളത്. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുകയാണെന്നും എൻടിഎ അറിയിച്ചു. ജനുവരി എട്ടിന് നീറ്റുമായി ബന്ധപ്പെട്ട കേസുകൾ സുപ്രിംകോടതി ഒരുമിച്ചു പരിഗണിക്കുന്ന സാഹചര്യത്തിലാണ് എൻടിഎ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
പരീക്ഷ റദ്ദാക്കില്ലെന്ന നിലപാട് തന്നെയാണ് ഇന്നലെ കേന്ദ്രസർക്കാരും സുപ്രിംകോടതിയെ അറിയിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന്, നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അതേസമയം നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പുനര്‍ നിശ്ചയിച്ചത്. നേരത്തെ ജൂണ്‍ 23 ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റി വക്കുന്നതായി ജൂണ്‍ 22നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു.