കാലിൽ പരിക്കേറ്റ ആൺകുട്ടിയെ സുന്നത്ത് ചെയ്തു: ഡോക്ടർക്കെതിരെ കുടുംബത്തിൻ്റെ പരാതി; സംഭവം താനെയിൽ
മഹാരാഷ്ട്രയിലെ താനെയിൽ ഒൻപതു വയസുകാരൻ്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം രംഗത്ത്. കാലിൽ പരിക്കേറ്റ ആൺകുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തെന്നാണ് ആരോപണം. ജൂൺ 15 ന് ഷാഹപുരിലെ സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. വീട്ടുകാരുടെ അനുമതിയില്ലാതെ കാലിൽ പരിക്കേറ്റ കുട്ടിയെ സുന്നത്ത് ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.
വീട്ടുകാർ പരാതിയുമായി രംഗത്ത് വന്നതോടെ അബദ്ധം മനസിലായ ഡോക്ടർ കുട്ടിക്ക് കാലിൽ ശസ്ത്രക്രിയ നടത്തി. കുടുംബം പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി. കുട്ടിയെ സുന്നത്ത് ചെയ്ത ഭാഗത്ത് തൊലിക്ക് കട്ടി കൂടുതലായിരുന്നുവെന്നും ഫിമോസിസ് എന്ന രോഗാവസ്ഥയായിരുന്നു ഇതെന്നുമാണ് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഗജേന്ദ്ര പവാർ പിടിഐയോട് പറഞ്ഞത്. അതിനാലാണ് രണ്ട് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ പറഞ്ഞു. കുട്ടിയുടെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയ തെറ്റല്ലെന്നും എന്നാൽ കുട്ടിയുടെ വീട്ടുകാർ ഡോക്ടർമാർ പറയുന്നത് കേൾക്കാൻ തയ്യാറായില്ലെന്നുമാണ് ഗജേന്ദ്ര പവാർ പ്രതികരിച്ചത്.
കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കൽ കോളേജിലും സമാനമായ സംഭവം നടന്നിരുന്നു. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാറിലെ നാല് വയസുകാരിയുടെ ആറാം വിരൽ നീക്കുന്നതിന് പകരം നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. ആറാം വിരൽ മുടിയിൽ തട്ടിയും മറ്റും നിരന്തരം മുറിയുന്നതും ചോര വരുന്നതും ബുദ്ധിമുട്ടായതോടെയാണ് കുടുംബം ഇത് നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ഒപിയിലെത്തിയ കുട്ടിയെ ഉടൻ ശസ്ത്രക്രിയ നടത്താനായി മാറ്റി. അര മണിക്കൂറിന് ശേഷം കുട്ടി തിരിച്ചെത്തിയപ്പോൾ നാവിൽ പഞ്ഞിക്കെട്ട് കണ്ടതോടെയാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചത്. ആറാം വിരൽ നീക്കിയതുമില്ല. പിന്നാലെ ആശുപത്രി അധികൃതർ വീണ്ടും കുട്ടിയുടെ ആറാം വിരലിൽ ശസ്ത്രക്രിയ നടത്തി. ആറാം വിരൽ നീക്കി. നാവിൽ കെട്ടുണ്ടായതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പിന്നീട് വിശദീകരിച്ചത്. സംഭവം സംസ്ഥാനത്ത് വൻ വിവാദമായിരുന്നു.