National

കേന്ദ്ര ബജറ്റ് ജൂലൈ 22ന്? മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്

Spread the love

കേന്ദ്ര ബജറ്റ് അടുത്ത മാസം 22 നെന്ന് സൂചന. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാൻ അവതരിപ്പിക്കും. കാർഷിക മേഖല പുനരുജ്ജീവിപ്പിക്കുന്നതും തൊഴിലില്ലായ്മ പരിഹരിക്കുന്നതും പ്രധാന അജണ്ടയായിരിക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അവസാന ദിവസമായ ജൂലൈ മൂന്നിന് സാമ്പത്തിക സർവേ അവതരിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂലധനച്ചെലവ് കൂട്ടാനുദ്ദേശിച്ച് വരുമാന വളർച്ച കൂട്ടാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. GST ലളിതമാക്കുന്നതിനും നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂട്ടാനുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും. നികുതി നടപടികൾ കൂടുതൽ ലഘൂകരിച്ച് കൂടുതൽ പേരെ നികുതി അടയ്ക്കലിലേക്ക് കൊണ്ടുവരാനാണ് നീക്കം.

പുതിയ സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകൾ തയ്യാറാക്കിയ നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. തുകൽ വ്യവസായം പോലെ തൊഴിലവസരങ്ങൾ കൂടുതലുള്ള മേഖലകൾക്ക് ഉത്തേജന പദ്ധതികളുണ്ടായേക്കും.

ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാം ബജറ്റവതരണമാണിത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ വികസനത്തിന് മുൻതൂക്കം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.