Saturday, October 5, 2024
National

വിദേശത്ത് സൂക്ഷിച്ച 100 ടൺ സ്വർണം റിസർവ് ബാങ്ക് പിൻവലിച്ചു; വിമാനത്തിൽ ഇന്ത്യയിലെത്തിച്ചു

Spread the love

ഇന്ത്യ യുകെയിൽ നിക്ഷേപിച്ചിരുന്ന 100 ടൺ സ്വർണം റിസർവ് ബാങ്ക് പിൻവലിച്ചു. 1991 ന് ശേഷം ഇതാദ്യമായാണ് റിസർവ് ബാങ്ക് നിക്ഷേപം പിൻവലിക്കുന്നത്. സമാനമായ അളവിലുള്ള സ്വർണം വരും മാസങ്ങളിലും യുകെയിൽ നിന്ന് പിൻവലിക്കുമെന്നാണ് വിവരം. എന്നാൽ സ്വർണ നിക്ഷേപം പിൻവലിക്കുന്നതിൻ്റെ കാരണം വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല.

2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ പുറത്തുവന്ന കണക്ക് പ്രകാരം റിസർവ് ബാങ്കിന് ആകെ 822.1 ടൺ സ്വർണ നിക്ഷേപം ഉണ്ട്. ഇതിൽ 413.8 ടൺ സ്വർണം വിദേശത്താണ് സൂക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 27.5 ടൺ സ്വർണം വാങ്ങിക്കൂട്ടിയ റിസർവ് ബാങ്ക്, സമീപകാലങ്ങളിൽ സ്വർണം സംഭരിച്ച ചുരുക്കം കേന്ദ്ര ബാങ്കുകളിൽ ഒന്നാണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടാണ് യു.കെയിലെ കേന്ദ്ര ബാങ്ക്. ഇവിടെയാണ് ലോകത്തെ പല കേന്ദ്ര ബാങ്കുകളും പരമ്പരാഗതമായി തങ്ങളുടെ സംഭരണ കേന്ദ്രമായി പരിഗണിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുൻപേ ഇവിടെ ഇന്ത്യയുടെ സ്വർണം ഇവിടെ സൂക്ഷിക്കുന്നുണ്ട്.

കുറച്ച് കാലം മുൻപാണ് ആർബിഐ സ്വർണത്തിൽ നിക്ഷേപം നടത്താൻ തുടങ്ങിയത്. അന്ന് മുതൽ തന്നെ ഈ സ്വർണം സൂക്ഷിക്കുന്നതിന് ഒരിടം കണ്ടെത്താനും നിലവിലെ സംഭരണ കേന്ദ്രങ്ങളുടെ കാര്യത്തിൽ പുനരാലോചന നടത്താനും തീരുമാനിച്ചിരുന്നു. വിദേശത്ത് നിക്ഷേപം കുമിഞ്ഞുകൂടിയതോടെ ഇത് ഇന്ത്യയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കാനും തീരുമാനിച്ചിരുന്നു.

1991 ൽ അന്നത്തെ പ്രധാനമന്ത്രി ചന്ദ്ര ശേഖർ സിങ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സ്വർണം ഈടാക്കി വെക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് 2009 ൽ അന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് റിസർവ് ബാങ്ക് 200 ടൺ സ്വർണം ഐഎംഎഫിൽ നിന്ന് വാങ്ങുകയും ചെയ്തിരുന്നു.

എന്നാൽ വിദേശത്ത് നിക്ഷേപിച്ച നാലിലൊന്ന് സ്വർണം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുകയെന്ന ഭാരിച്ച ദൗത്യം മാർച്ച് അവസാനത്തോടെയാണ് നടപ്പാക്കിയത്. കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും കേന്ദ്രസർക്കാരിന് കീഴിലെ വിവിധ വകുപ്പുകളും ഏജൻസികളും ചേർന്ന് മാസങ്ങളോളം കൂടിയാലോചിച്ചാണ് ഈ കാര്യം നടപ്പാക്കിയത്.

സ്വർണം ഇന്ത്യയിലെത്തിക്കാൻ കസ്റ്റംസ് തീരുവ ഇളവ് ചെയതു. സംയോജിത ജിഎസ്‌ടിയിൽ കുറവ് വരുത്തിയില്ല. ഇത് സംസ്ഥാനങ്ങളുടെ കൂടെ വരുമാനമായതിനാലായിരുന്നു ഇത്. വ്യോമ മാർഗം പ്രത്യേക വിമാനത്തിലാണ് സ്വർണം എത്തിച്ചത്. മുംബൈ മിൻ്റ് റോഡിലെ റിസർവ് ബാങ്കിൻ്റെ പഴയ ഓഫീസിലും നാഗ്‌പൂരിലുമായാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്. വിദേശത്ത് സ്വർണം സൂക്ഷിക്കുന്നതിനുള്ള സംഭരണ ചെലവിലും ഇതോടെ വൻ തുക റിസർവ് ബാങ്കിന് ലാഭിക്കാനാവുമെന്ന് കരുതപ്പെടുന്നു.