Kerala

‘നഗരത്തിലെ എല്ലാ കുഴികളും മൂടും’; തലസ്ഥാനത്ത് റോഡിലെ കുഴികള്‍ അടച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ കുഴികള്‍ അടച്ചുകൊണ്ടുള്ള പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട ഭാഗങ്ങളില്‍ മണ്ണും കല്ലുമിട്ട് അടയ്ക്കുന്നത്. ശ്രീമൂലം ക്ലബ്ബിന് മുന്നിലായുള്ള റോഡിലാണ് പ്രതിഷേധം ആരംഭിച്ചത്. പൈപ്പിടുന്നതിനായി എടുത്ത കുഴികള്‍ അടച്ചുകൊണ്ടാണ് പ്രതിഷേധം.

റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം. മാസങ്ങളായി തുടങ്ങിയ നിര്‍മാണപ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയാക്കാനായില്ലെന്നും കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തുക അനുവദിച്ചു കിട്ടിയിട്ടും കൃത്യമായ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിട്ടില്ല. ജൂണ്‍ 15നുള്ളില്‍ തീര്‍ക്കുമെന്നാണിപ്പോള്‍ പറയുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിയിക്കുന്നില്ലെന്നും എല്ലാ കുഴികളും മൂടികൊണ്ടുള്ള സമരം തുടരുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

അതേസമയം, കുഴികള്‍ അടച്ചാല്‍ നിര്‍മാണം വീണ്ടും നീളുന്ന സാഹചര്യമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. അടച്ച കുഴികള്‍ തുറന്നശേഷമെ പൈപ്പ് ഇടുന്ന ജോലി ഉള്‍പ്പെടെ പുനരാരംഭിക്കാനാകു. വേനല്‍ മഴ കൂടി ശക്തമായതോടെ നഗര റോഡുകളുടെ നവീകരണം വീണ്ടും വൈകിയിരുന്നു. നേരത്തെ മെയ് 31നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴും നഗരത്തിലെ പല പ്രധാന റോഡുകളും പൊളിച്ചിട്ട നിലയിലാണ്. ജൂണ്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ അധികൃതരുടെ വിശദീകരണം.