ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജി; സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപനം
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്നാണ് മമത ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തിന് നേതൃത്വം നല്‍കുകയും, എല്ലാ വിധത്തിലും പുറത്തുനിന്ന് സഹായിക്കുകയും ചെയ്യും. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നാല്‍ പുറത്തുനിന്നുള്ള പിന്തുണ നല്‍കും. ബംഗാള്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഇന്ത്യ സഖ്യമായി കാണുന്നില്ലെന്നും മമത പറഞ്ഞു.
അധിര്‍ ചൗധരി നയിക്കുന്ന ബംഗാള്‍ കോണ്‍ഗ്രസും സിപിഐഎമ്മും നമ്മുക്കൊപ്പമല്ലെന്നും അവര്‍ ബിജെപിയ്ക്ക് ഒപ്പമാണെന്നുമാണ് മമതയുടെ ആരോപണം. രാജ്യത്തെ 70 ശതമാനം സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലെന്ന് മമത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയ്ക്ക് വേരോട്ടമുണ്ടെന്ന് സര്‍വെകള്‍ സൂചിപ്പിക്കുമ്പോഴും ബംഗാളിലും ദക്ഷിണേന്ത്യയിലും കാലിടറുമെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ കൂടിയാണ് ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടി നേതാവ് നിലപാട് പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇനി മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകള്‍ കൂടിയാണ് നടക്കാന്‍ അവശേഷിക്കുന്നത്. ബംഗാളില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായല്ല തൃണമൂല്‍ മത്സരിക്കുന്നതെന്ന് മുന്‍പ് തന്നെ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ഇന്ത്യാ മുന്നണി 300ല്‍ അധികം സീറ്റുകള്‍ ഇത്തവണ നേടുമെന്നും ഇന്ത്യാ സഖ്യം രാജ്യം ഭരിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.