ചുളിവ് നല്ലതാണ്’; CSIR ലാബുകളിലെ ജീവനക്കാർക്കും ശാസ്ത്രജ്ഞർക്കും തിങ്കളാഴ്ച ഇസ്തിരിയിടാത്ത വസ്ത്രം; തീരുമാനം കറന്റ് ലാഭിക്കാൻ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ എല്ലാ ലാബുകളിലെയും ജീവനക്കാർക്കും ശാസ്ത്രജ്ഞർക്കും ഒരു ദിവസം ഇസ്തിരിയിടാത്ത വസ്ത്രം ഉപയോഗിക്കാൻ നിർദേശം. തിങ്കളാഴ്ച ദിവസം ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചെത്താം. പരിസ്ഥിതി-ഊർജ സംരക്ഷണത്തിന്റെ ഭാഗയി ആരംഭിച്ച ‘റിങ്കിൾസ് അഛാ ഹെ'(ചുളിവ് നല്ലതാണ്) എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഡൽഹി സിഎസ്ഐആർ ആസ്ഥാനത്ത് ക്യാമ്പയിന്റെ ഭാഗമായി ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചാണ് കഴിഞ്ഞ ദിവസം എത്തിയത്. കൂടാതെ കറന്റ് ലാഭിക്കാൻ കൂടിയാണ് പുതിയ തീരുാനത്തിലൂടെ ലക്ഷ്യമിടുന്നത്. 30 മിനിറ്റ് ഇസ്തിരി ഇടുന്നത് വഴി ഒരു കിലോ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ.
സിഎസ്ഐആർ ലാബുകളിൽ വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാനും തീരുമാനമുണ്ട്. കഴിഞ്ഞവർഷവും പല സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള പ്രചാരണം ഉണ്ടായിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിനെതിരായ ആഗോള പോരാട്ടത്തിൽ ഏറ്റവും ചെറിയ കാര്യങ്ങൾക്ക് എങ്ങനെ സംഭാവന നൽകാമെന്നും ജനങ്ങളെ ബോധവാന്മാരാക്കുന്നതാണ് പുതിയ സംരംഭമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്ത് 37 ലബോറട്ടറികൾ അടങ്ങുന്ന സിഎസ്ഐആറിൽ 4162 ജീവനക്കാരും 3521 ശാസ്ത്രജ്ഞരുമാണുള്ളത്. സമുദ്രശാസ്ത്രം, ജിയോഫിസിക്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി ജനിതകശാസ്ത്രം, ബയോടെക്നോളജി, നാനോ ടെക്നോളജി എന്നിവയിലെ ഗവേഷണങ്ങളാണ് സിഎസ്ഐആർ നടത്തുന്നത്.