World

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും; തത്വത്തിലുള്ള അനുമതി നൽകി കേന്ദ്രസർക്കാർ

Spread the love

ഇന്റർനെറ്റിനെ ഭാവിയിൽ മാറ്റിമറിക്കാൻ പോകുന്നത് ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് ആണ്. നിലവിൽ 40 രാജ്യങ്ങളിൽ ലഭ്യമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വൈകാതെ എത്തും. ഇതിനുള്ള തത്വത്തിലുള്ള അനുമതി സർക്കാർ സ്റ്റാർലിങ്ക്‌സിന് നൽകിക്കഴിഞ്ഞു. എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് അതിന്റെ പ്രവർത്തനം?

ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനാകാത്ത സ്ഥലങ്ങളിൽപോലും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ഇലോൺ മസ്‌ക്കിന്റെ കമ്പനിയായ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഒരു ഉപഗ്രഹ ശൃംഖലയാണ് സ്റ്റാർലിങ്ക്. സാധാരണ ഇന്റർനെറ്റ് സേവനം ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയും കോക്‌സിയൽ കേബിളുകളിലൂടെയുമാണെങ്കിൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിലൂടെയാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്. സ്റ്റാർലിങ്കിൽ ആകെ 42,000 ഉപഗ്രഹങ്ങൾ ഉൾപ്പെടുത്താനാണ് സ്പേസ് എക്സ് പദ്ധതിയിട്ടിരിക്കുന്നത്.

ഭ്രമണപഥത്തിൽ ഇതുവരെ 5504 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുണ്ടെന്നും അവയിൽ 5442 ഉപഗ്രഹങ്ങൾ പ്രവർത്തനക്ഷമമാണെന്നുമാണ് 2024 മാർച്ചിലെ വിവരം. ഭൂമിയിൽ നിന്നും 550 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ. സ്‌പേസ് എക്‌സിന്റെ റോക്കറ്റുകളാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നത്. നഗ്‌നനേത്രങ്ങളാൽ തന്നെ രാത്രിയിൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ യാത്ര നമുക്ക് കാണാനാകും. ആകാശ തീവണ്ടി പോലെയാണ് ഇതിന്റെ യാത്ര.

കണക്ടിവിറ്റി കുറഞ്ഞ വിദൂരയിടങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്റ്റാർലിങ്കിനു കഴിയും. പ്രകൃതിദുരന്ത സമയത്ത് കമ്യൂണിക്കേഷൻ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനാകുമെന്നതാണ് സവിശേഷത. റഷ്യ- യുക്രൈയ്ൻ യുദ്ധസമയത്ത് യുക്രൈയ്ൻ സൈന്യത്തിന് സ്റ്റാർലിങ്കിന്റെ സേവനം ഏറെ പ്രയോജനപ്പെട്ടിരുന്നു. അമേരിക്കയിലാണ് സ്റ്റാർലിങ്ക് ആദ്യം അവതരിപ്പിക്കപ്പട്ടത്. 40 രാജ്യങ്ങളിൽ ഇന്ന് സ്റ്റാർലിങ്കിന്റെ സേവനം ലഭ്യമാണ്.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ സ്റ്റാർലിങ്കിന് തത്വത്തിൽ ടെലികോം വകുപ്പ് അനുമതി നൽകിക്കഴിഞ്ഞു. ടെലികോം ടവറുകൾക്കു പകരം ഉപഗ്രഹത്തിൽ നിന്നും നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന ഏറ്റവും പുതിയ സേവനമായ ‘സ്റ്റാർലിങ്ക് ഡയറക്ട് ടു സെൽ’ സേവനവും ഇന്ത്യയിൽ ലഭ്യമാകും. ഉപഗ്രഹങ്ങളാണ് മൊബൈൽ ടവറുകളായി പ്രവർത്തിക്കുന്നതെന്നതിനാൽ കരയോ കടലോ എന്ന വ്യത്യാസമില്ലാതെ ഭൂമിയിൽ എവിടെയും മൊബൈൽ കവറേജ് ലഭിക്കും. ഉപഗ്രഹങ്ങളിൽ ഇനോഡ് ബി മോഡം കൂടി ഘടിപ്പിച്ചാണ് ഫോണിലും കണക്ടിവിറ്റി സാധ്യമാക്കുന്നത്. രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിലുള്ള ആഭ്യന്തര വകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയാലുടനെ സ്റ്റാർലിങ്കിന് അനുമതി നൽകപ്പെട്ടേക്കാം.