Friday, December 13, 2024
World

ലക്ഷദ്വീപ് ​അ​ഗത്തി തീരത്ത് ​ഗുജറാത്തി കമ്പനിയുടെ ടെന്റ് സിറ്റി; മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കും

Spread the love

ലക്ഷദ്വീലെ അഗത്തി ദ്വീപ് തീരത്ത് നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ച് ടെന്റ് ടൂറിസം നടപ്പിലാക്കാനൊരുങ്ങുന്നു. ന‍ർമ്മദയിലും, വാരണാസിയിലും, അയോധ്യയിലും ടെന്റ് സിറ്റികൾ സ്ഥാപിച്ചിട്ടുള്ള ഗുജറാത്ത് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡാണ് ലക്ഷദ്വീപിന്റെ കടൽ തീരത്തും ആഡംബര ടെന്റുകൾ സ്ഥാപിക്കുന്നത്. പ്രഫുൽ ഖോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായിരിക്കുന്ന ദാദ്ര നാ​ഗ‍‍‍ർ ഹവേലി, ദാമൻ-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവേ​ഗ് ലിമിറ്റഡിന് ടെന്റ് സിറ്റികൾ അനുവദിച്ചിട്ടുണ്ട്.
അഗത്തി ദ്വീപിലെ പടിഞ്ഞാറെ ജെട്ടി മുതൽ വടക്കോട്ടുള്ള 5,000 ചതു. മീറ്റ‍ർ (1.235527 ഏക്ക‍ർ) തീരഭൂമിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ മത്സ്യത്തൊഴിലാളികളിൽ നിന്നും പിടിച്ചെടുക്കുന്നത്. ബോട്ടുകൾ, ചെറുവള്ളങ്ങൾ, ഷെഡുകൾ, മീൻ ഉണക്കാനുള്ള ഉപകരണങ്ങൾ, ബോട്ട് വലിക്കുന്ന അഴികൾ എന്നിവ ഉൾപ്പെടെ തീരത്തുള്ള ‘കയ്യേറ്റങ്ങൾ’ എല്ലാം മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം റവന്യൂ വകുപ്പ് അവ നേരിട്ട് നീക്കം ചെയ്യുമെന്നും അതിനുള്ള ചെലവ് കയ്യേറ്റക്കാരിൽ നിന്നും ഈടാക്കുമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അഗത്തിയിലെ മത്സ്യത്തൊഴിലാളികളെ ഭീഷണിപ്പെടുത്തി അടിയന്തിര നോട്ടീസ് പുറപ്പെടുവിച്ചാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയ്ക്ക് അഗത്തിയിൽ നിലം ഒരുക്കിയത്.

ലക്ഷദ്വീപ് നിവാസികളുടെ ഉപജീവന സാധ്യതകൾ പരിമിതമാണ്. പ്രകൃതിവിഭവങ്ങളാണ് ജനങ്ങളുടെ പരമ്പരാഗത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം. തെങ്ങിൽ നിന്നുള്ള ആദായത്തിലൂടെയാണ് മുൻകാലങ്ങളിൽ ദ്വീപ് ജനത അതിജീവനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രധാനമായും ടൂണ മത്സ്യങ്ങളെ ആശ്രയിച്ചാണ്. അഗത്തി ദ്വീപിൽ മാത്രം 150 ബോട്ടുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നുണ്ട്.

സീനിയർ സെക്കണ്ടറി സ്കൂളിനും പോർട്ട് കൺട്രോൾ ടവറിനും ഇടയിലെ ലഗൂണുകളുടെ ഭാഗത്താണ് പതിവ് മത്സ്യബന്ധനത്തിനുള്ള അനുകൂല കാലാവസ്ഥയിലും മൺസൂൺ കാലത്തും ഈ ബോട്ടുകൾ നങ്കൂരമിടുന്നത്. അഗത്തിയുടെ കിഴക്കെ തീരത്താണെങ്കിൽ ചെറുവള്ളങ്ങളും നങ്കൂരമിടുന്നുണ്ട്. അഗത്തിയിലെ 40% നിവാസികളും മത്സ്യബന്ധനത്തെ ആശ്രയിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ സഹകരണ സംഘമായ മൽസോൾപെന്ന മത്സ്യബന്ധന സഹകരണ സംഘം പ്രസിഡൻ്റ് അബ്ദുൾ നാസർ ലക്ഷദ്വീപ് തീരദേശ പരിപാലന അതോറിറ്റിക്ക് അയച്ച കത്തിൽ നിന്ന് അഗത്തി ദ്വീപ് നിവാസികളുടെ ജീവിതത്തിൻ്റെ ഒരു ചിത്രം ലഭിക്കും.

“ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടും മുമ്പേ ദ്വീപുകാ‍ർ ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഈ കടൽതീരം. താത്കാലിക ഷെഡുകളും, ട്യൂണ മാസ് ഉണ്ടാക്കാനുള്ള ചൂളകളും, ഉണക്കാനുള്ള വേലികളും എല്ലാം മുൻപേ അവിടെ ഉണ്ടായിരുന്നു. ടെന്റ് ടൂറിസത്തിന് വേണ്ടി ഈ ഷെ‍ഡുകളും, വേലികളും എല്ലാം പൊളിച്ചു മാറ്റനാണ് ഓർഡ‍ർ വന്നത്. അഗത്തിയിലെ ഡെപ്യൂട്ടി കളക്ടർ ഈ ഓർഡറുമായി എന്നെ ബന്ധപ്പെട്ടിരുന്നു. കടൽക്ഷോഭം ഇല്ലാത്ത ഈ ഭാഗത്ത് നിന്നും മറ്റൊരിടത്ത് ബോട്ടുകൾ ഇടാൻ പറ്റില്ലെന്നും, ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത ഇടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ട് ഞങ്ങൾ ഒരു പ്രൊപോസൽ കൊടുത്തു. എന്നാൽ എനിക്ക് ഇവിടെ നിന്നും ഒന്നും ചെയ്യാൻ പറ്റില്ല. ഇത് ടൂറിസം മിനിസ്ട്രിയിൽ നിന്നുമുള്ള ഓർഡറാണ്, അതു നടപ്പിലാക്കാനേ എനിക്ക് പറ്റുകയുള്ളു എന്നായിരുന്നു ഡെപ്യൂട്ടി കളക്ടറുടെ മറുപടി.അബ്ദുൽ നാസ‌‍റുടെ കത്തിൽ പറയുന്നു.

പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായ ശേഷം ദ്വീപിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന ജനദ്രോഹ നടപടികളുടെ തുടർച്ചയാണ് ലക്ഷദ്വീപ് ടൂറിസത്തിന്റെ പുരോഗതിക്കായുള്ള പ്രവേഗ് ലിമിറ്റഡിന്റെ ടെന്റ് സിറ്റിയും. ബോട്ടുകൾ കയറ്റിവെക്കാനും, മീനുകൾ ഉണക്കാനും, ഉപകരണങ്ങൾ സൂക്ഷിക്കാനും ഇടമില്ലാതായാൽ അഗത്തിയിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം തന്നെ അവസാനിപ്പിക്കേണ്ടി വരും. അതോടുകൂടി അഗത്തി ദ്വീപുകാരുടെ ജീവനോപാധിയും ഇല്ലാതെയാവും. ഇങ്ങനെ ദ്വീപിൽ നിന്നും ദ്വീപുകാരെ പുറത്താക്കി ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ.

ലക്ഷദ്വീപിലെ അക്രീറ്റഡ് ലാന്റ് എല്ലാം സർക്കാർ ഭൂമിയാണ് എന്നാണ് അഗത്തി ഡെപ്യൂട്ടി കളക്ടർ പുറത്തുവിട്ട അടിയന്തിര നോട്ടീസിൽ അവകാശപ്പെടുന്നത്. എന്നാൽ നൂറ്റാണ്ടുകളായി ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന തീരമേഖലയാണിത്. താഴ്ന്നതും ഉയർന്നതുമായ വേലിയേറ്റ രേഖകൾക്കിടയിലെ തീരദേശ നിയന്ത്രണ മേഖലയുടെ (CRZ LAND) പരിധിയിൽ വരുന്നതാണിത്. 1991-ലെ CRZ വിജ്ഞാപനത്തിനു പകരമായി 2011 ൽ പുതുക്കിയ CRZ വിജ്ഞാപനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണവും തീരദേശ പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്നതാണ്. അതോടൊപ്പം തന്നെ പുതിയ വ്യവസായങ്ങൾ സ്ഥാപിക്കുന്നതും വലിയ നിർമ്മാണങ്ങൾ നടത്തുന്നതടക്കം വ്യാവസായിക, നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നു. എന്നാൽ CRZ പരിധിയിലുള്ള ഭൂമിയെ അക്രീറ്റഡ് ലാന്റ് ആയി കണക്കാക്കിയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭൂമി ഏറ്റെടുക്കുന്നതും മത്സ്യത്തൊഴിലാളികളെ പുറത്താക്കുന്നതും.

“കോവിഡിന് മുൻപ് ഇവിടെ ഒരു ബീച്ച് റോഡ് ഉണ്ടാക്കിയിരുന്നു. CRZ ലാന്റിലൂടെയാണ് ഈ ബീച്ച് റോഡ് ഉണ്ടാക്കിയിട്ടുള്ളത്. പരാമ്പരാഗതമായി ഞങ്ങൾ ബോട്ട് കേറ്റിവെക്കുന്ന, മീൻ പിടിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡുകളുണ്ടായിരുന്ന സ്ഥലമാണിത്. റോഡ് വന്നു കഴിഞ്ഞാൽ ബോട്ടിന് അപകടം പറ്റുമ്പോൾ ക്രെയിനുപയോഗിച്ച് പെട്ടെന്ന് എടുക്കാൻ പറ്റും എന്നെല്ലാം പറഞ്ഞാണ് റോഡ് ഉണ്ടാക്കിയത്. പക്ഷേ റോഡ് ഉണ്ടാക്കി കഴിഞ്ഞ് നാല് വർഷം കഴിഞ്ഞിട്ടില്ല, ടൂറിസത്തിന് വേണ്ടി ഞങ്ങളോട് ഇവിടുന്ന് മാറി പോകാനാണ് ഇപ്പോൾ പറയുന്നത്. മീൻപിടുത്തം തന്നെ പൂർണ്ണമായി നിർത്തേണ്ടുന്ന അവസ്ഥയാണ്. ഇപ്പൊ, നേരത്തെ ഞങ്ങൾക്ക് ഇവിടെ ഐസ് കിട്ടുന്നുണ്ടായിരുന്നു. ഐസ് ഫാക്ക്ടറി പൂട്ടിക്കളഞ്ഞു. മെഷിൻ കേടായിട്ട് ഇതുവരെ റിപ്പയർ ചെയ്തിട്ടില്ല. ഞങ്ങൾ മീൻ പിടുത്തം വിടണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്.” മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികളിലൂടെ ലക്ഷദ്വീപിലെ മത്സ്യബന്ധനം അവസാനിപ്പിക്കുകയാണ് അഡ്മിന്സ്ട്രേഷന്റെ ലക്ഷ്യം എന്ന് വ്യക്തമാക്കുകയാണ് മത്സ്യോത്പന്ന മത്സ്യോപകരണ സഹകരണ സംഘം പ്രസിഡന്റ് അബ്ദുൽ നാസർ.

15,000 രൂപ മുതൽ 20,000 രൂപ വരെ വാടക നിശ്ചയിച്ചുകൊണ്ട് പ്രവേഗ് ലിമിറ്റഡ് കവരത്തിയുടെ തീരത്ത് ആഢംബര ടെന്റുകൾ സ്ഥാപിച്ച് സഞ്ചാരികളിൽ നിന്നും കോടികൾക്കായി വലവീശുമ്പോൾ അഗത്തിയിലെ മത്സ്യത്തൊഴിലാളികൾ അകപ്പെടാൻ പോവുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംരക്ഷണം ഉറപ്പു നൽകുന്ന CRZ വിജ്ഞാപനം അട്ടിമറിച്ചുകൊണ്ട് അഗത്തിയിലെ 70 ശതമാനം ദ്വീപ് നിവാസികളെയും പട്ടിണിയിലാക്കുകയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ദ്വീപിലെ ജനജീവിതത്തെ എന്ന പോലെ തന്നെ പരിസ്ഥിതിലോല പ്രദേശമായ ലക്ഷദ്വീപിലെ ലഗൂണുകളെയും കടലിന്റെ ആവാസവ്യവസ്ഥയെയും തകർക്കുന്നതാവുമോ ദ്വീപുകളിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്ക് എന്ന ആശങ്കയും ഉയരുന്നുണ്ട്. അഗത്തി ദ്വീപിൽ മാത്രമല്ല തിണ്ണകര, ബംഗാരം എന്നീ ദ്വീപുകളിലും പ്രവേഗ് ലിമിറ്റഡിന് ടെന്റ് സിറ്റികൾ സ്ഥാപിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി കഴിഞ്ഞു.