പെട്രോൾ പമ്പിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിൽ, പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിനു മുൻവശത്തെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൽ എത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടു. എന്നാൽ പമ്പ് ജീവനക്കാർ കുപ്പിയിൽ പെട്രോൾ നൽകിയില്ല, തുടർന്ന് ഇയാൾ കന്നാസിൽ പെട്രോൾ വാങ്ങി ദേഹത്ത് ഒഴിച്ച ശേഷം പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ തൃശൂർ അഗ്നി രക്ഷ നിലയത്തിലെ ‘ആപ്ദ മിത്ര’ വോളന്റീയർ വിനു ഈ സംഭവം കാണുകയും ദ്രുതഗതിയിൽ പമ്പിലേക്ക് ഓടിയെത്തി ”ഫയർ എക്സ്റ്റിങ്ക്യുഷർ” ഉപയോഗിച്ചു തീ അണയ്ക്കുകയുമായിരുന്നു. വിനുവിൻറെ സമയോജിതമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രം ആണ് തീ അണക്കാനായതും, പമ്പിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവായതെന്നും പമ്പ് അധികൃതർ പറഞ്ഞു. പരുക്കേറ്റ ഷാനാവാസിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു.