‘പ്രചാരണം പരിധി വിടരുത്’: രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ
രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം പരിധി വിടരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കും. നിർദ്ദേശം ലംഘിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും രാജീവ് കുമാർ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നറിയിപ്പ്. ഓരോ രാഷ്ട്രീയ പാർട്ടികളുടെയും താരപ്രചാരകർക്കായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഉത്തരവാദിത്തം. പ്രചാരണ വേളയിൽ സ്ഥാനാർത്ഥികളെ വ്യക്തിപരമായി അക്രമിക്കരുത്. വിദ്വേഷ പ്രസംഗങ്ങൾ, ജാതി മതപരമായ ആക്ഷേപങ്ങളും വിമർശനങ്ങളും പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഇതുവരെ നടന്നിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ട (MCC) ലംഘനങ്ങളുടെ ഡാറ്റ ശേഖരിച്ച ശേഷമാണ് അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. നിർദേശം ലംഘിക്കുന്ന പാർട്ടികൾക്ക് നോട്ടീസ് നൽകുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾക്കിടയിൽ ആക്ഷേപമുണ്ട്. ഇനി ഒരു പാർട്ടിയെയും പരിധി വിടാൻ അനുവദിക്കില്ല. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും രാജീവ് കുമാർ.