National

‘കൊണാർകിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ശിൽപങ്ങൾ പോലും മിനി സ്‌കേർട്ട് ധരിക്കും’ : നരേന്ദ്ര മോദി

Spread the love

ആധുനിക മിനി സ്‌കേട്ടുകളും ഇന്ത്യൻ കലാവൈഭവവും തമ്മിൽ ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊണാർകിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ശിൽപങ്ങൾ പോലും മിനി സ്‌കേട്ട് ധരിച്ച് പഴ്‌സും പിടിച്ചാണ് നിൽക്കുന്നതെന്ന് മോദി പറഞ്ഞു. ഡൽഹി ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച നാഷ്ണൽ ക്രിയേറ്റേഴ്‌സ് അവാർഡിലായിരുന്നു മോദിയുടെ പരാമർശം.

നാഷ്ണൽ ക്രിയേറ്റേഴ്‌സ് അവാർഡിൽ കണ്ടന്റ് ക്രിയേറ്ററായ ജാൻവി സിംഗിനായിരുന്നു ഹെറിറ്റേജ് ഫാഷൻ ഐക്കൺ അവാർഡ്. ആത്മീയതയേയും സംസ്‌കാരത്തേയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജാൻവി സിംഗ് ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെ വക്താവ് കൂടിയാണ്. ജാൻവിക്ക് പുരസ്‌കാരം നൽകുന്നതിനിടെയാണ് പ്രധാനമന്ത്രി ആധുനിക വേഷങ്ങളെ കുറിച്ച് പറഞ്ഞത്.

ഫാഷന്റെ കാര്യത്തിൽ ഇന്ത്യയാണ് വഴികാട്ടിയെന്നും കാരണം നൂറ് വർഷങ്ങൾക്ക് മുൻപേ പണികഴിപ്പിക്കപ്പെട്ട കൊണാർക്ക് സൂര്യ ക്ഷേത്രത്തിലെ ശിൽപങ്ങളിൽ ഫാഷൻ സെൻസ് കാണാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ‘മിനി സ്‌കേട്ടുകൾ ആധുനികതയുടെ ചിഹ്നമായാണ് കണക്കാക്കപ്പെടുന്നത്. എന്‌നാൽ കൊണാർകിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ശിൽപങ്ങളിൽ മിനി സ്‌കേട്ടും പഴ്‌സും കാണാം’- മോദി പറഞ്ഞു.

റെഡിമെയ്ഡ് തുണിത്തരങ്ങളുടെ പുതിയ ട്രെൻഡുകളെ കുറിച്ചും മോദി സദസിനോട് സംസാരിച്ചു. എല്ലാവരും ഇന്ത്യൻ വസ്ത്ര ധാരണത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഇന്ത്യയുടെ സംസ്‌കാരം ലോകത്തോട് വിളിച്ചോതുന്ന വസ്ത്രങ്ങളിൽ ശ്രദ്ധചെലുത്തണമെന്നും മോദി പറഞ്ഞു.

വലിയ മാറ്റങ്ങൾക്ക് കാരണമാകാൻ സഹായിക്കുന്ന ഒന്നാണ് നാഷ്ണൽ ക്രിയേറ്റേഴ്‌സ് അവാർഡെന്ന് ചടങ്ങിൽ മോദി പറഞ്ഞു. ജാൻവി സിംഗിന് പുറമെ, ഗ്രീൻ ചാമ്പ്യൻ വിഭാഗത്തിൽ പങ്ക്തി പാണ്ടേയ്ക്കും മികച്ച സ്റ്റോറി ടെല്ലറായി കീർത്തിക ഗോവിന്ദസ്വാമിയേയും കൾച്ചറൽ അംബാസിഡറായി മൈഥിലി ഠആക്കുറിനേയും തെരഞ്ഞെടുത്തു. ടെക്ക് വിഭാഗത്തിലെ മികച്ച ക്രിയേറ്റർ ഗൗരവ് ചൗധരിയാണ്. ട്രാവൽ ക്രിയേറ്റർ കാമിയ ജാനിയാണ്.