Kerala

തൃശൂരിൽ കെ മുരളീധരനായി ചുവരെഴുതി ടി എൻ പ്രതാപൻ

Spread the love

കെ മുരളീധരനായി തൃശൂരിൽ ടി എൻ പ്രതാപൻ ചുവരെഴുതി. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്. മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ നാളെ രാവിലെ തൃശൂരിലെത്തും.

ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ക്കാൻ തൃശൂർ ജില്ലാ നേതൃത്വം നിർദേശം നൽകിയിരുന്നു.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

150ലധികം ഇടങ്ങളിൽ ടി.എൻ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം വീണ്ടും ചുവരെഴുതാനായിരുന്നു നിർദേശം.

തൃശൂരിലെ സ്ഥാനാർഥിത്വത്തിൽ പാർട്ടി തീരുമാനം വന്നാൽ പ്രതികരിക്കാമെന്ന് കെ.മുരളീധരൻ പറഞ്ഞു. പ്രതികരിക്കാത്തത് പ്രതിഷേധം കൊണ്ടല്ല. സ്ഥാനാർഥി മാറിയാലും വടകരയിലെ കണ്‍വെൻഷന് മാറ്റമുണ്ടാകില്ലെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുക.