’18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ’: പ്രഖ്യാപനവുമായി ഡൽഹി സർക്കാർ
ഡൽഹിയിൽ 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ്.സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപനം നടത്തിയത്.
2015 മുതൽ കെജ്‌രിവാൾ സർക്കാർ 22,711 പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ സർക്കാരിൻ്റെ മുൻഗണന. ഈ വർഷം വിദ്യാഭ്യാസത്തിനായി 16,396 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി അതിഷി വ്യക്തമാക്കി.
സമ്പന്ന കുടുംബത്തിലെ കുട്ടി സമ്പന്നനും ദരിദ്ര കുടുംബത്തിലെ കുട്ടി ദരിദ്രനുമാകുന്ന അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. ഇത് രാമരാജ്യം എന്ന സങ്കൽപ്പത്തിന് തികച്ചും വിരുദ്ധമാണെന്നും ഡൽഹി ധനമന്ത്രി പറഞ്ഞു.
ബജറ്റിൽ 8,685 കോടി രൂപ ഡൽഹിയിലെ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിൻ്റെ കീഴിൽ സർക്കാർ ആശുപത്രികൾക്ക് പ്രധാന അടിസ്ഥാന സൗകര്യവികസനത്തിനായി 6,215 കോടി ലഭിക്കും. സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ ലഭിക്കുന്നതിനായി 658 കോടിയും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിർമാണത്തിനുമായി 400 കോടിയും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
നേരത്തെ, സാമ്പത്തിക പ്രതിസന്ധികളുള്ള ഡൽഹി നിവാസികൾ തങ്ങളുടെ ആൺമക്കളെ സ്വകാര്യ സ്‌കൂളുകളിലേക്കും പെൺമക്കളെ സർക്കാർ സ്‌കൂളുകളിലേക്കുമാണ് അയച്ചിരുന്നത്. 95 ശതമാനം പെൺകുട്ടികളും, അവരുടെ സഹോദരങ്ങൾ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത് എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികൾ ഐഐടി, നീറ്റ് പരീക്ഷകളിൽ വിജയിക്കുന്നുവെന്നും അതിഷി പറഞ്ഞു.