Kerala

സിദ്ധാര്‍ത്ഥനെ അതിക്രൂരമായി മര്‍ദിച്ചത് സിന്‍ജോ; പുറത്തുപറഞ്ഞാല്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി; പിതാവ് ജയപ്രകാശ്

Spread the love

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ അതിക്രൂരമായി മര്‍ദിച്ചത് സിന്‍ജോ ആണെന്ന് പിതാവ് ജയപ്രകാശ്. സിദ്ധാര്‍ത്ഥിന്റെ ബോഡി വീട്ടിലേക്ക് എത്തിച്ച ദിവസം കൂടെ നാല് സുഹൃത്തുക്കള്‍ വന്നിരുന്നു. സിന്‍ജോ ആണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദിച്ചതെന്നും വിവരം പുറത്ത് പറഞ്ഞാല്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി ജയപ്രകാശ് പറഞ്ഞു.

സിപിഐഎം നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുകയാണ്. പ്രതികളെ ഒളിക്കാന്‍ സഹായിച്ച ബന്ധുക്കളും ഇതില്‍ പ്രതിയാണ്. അവരെയും പ്രതി ചേര്‍ക്കണം. നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെങ്കിലും പ്രതിയെ സഹായിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കണം.ആദ്യം മുതലേ സിപിഐഎം പ്രതികളെ സംരക്ഷിച്ചുതുടങ്ങി. വെറും പ്രവര്‍ത്തകരല്ല ഇവിടെ കുറ്റവാളികള്‍. ഭാരവാഹികളാണ്. അവരെ സിപിഐഎം സംരക്ഷിക്കും. അതിന് അവരേത് അറ്റം വരെയും പോകും. ജയപ്രകാശ് പറഞ്ഞു.

സിന്‍ജോ ജോണ്‍സണ്‍ ആണ് സിദ്ധാര്‍ത്ഥനെ ഏറ്റവും അധികം ക്രൂരമായി മര്‍ദിച്ചത്. അന്വേഷണത്തിലും പ്രതികളുടെ അറസ്റ്റിലും തൃപ്തിയുണ്ട്. പ്രതികള്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി രക്ഷപെടുത്താന്‍ ശ്രമിച്ചാല്‍ മറ്റ് ഏജന്‍സികളെ കുറിച്ച് അന്വേഷിപ്പിക്കും.

‘സിദ്ധാര്‍ത്ഥിന്റെ ബോഡി വീട്ടിലേക്ക് എത്തിച്ച ദിവസം കൂടെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും വന്നിരുന്നു. അവന്റെ സുഹൃത്തുക്കളാണ്. അങ്കിളേ ഒരു കാര്യം പറയാനുണ്ടെന്നും അത് പറയാതെ പോയാല്‍ ജീവിതകാലം മുഴുവന്‍ സമാധാനം കിട്ടില്ലെന്നും അവര്‍ പറഞ്ഞു. മക്കളേ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഇത് പുറത്തുപറഞ്ഞാല്‍ തലവെട്ടുമെന്ന് സിന്‍ജോ ഭീഷണിപ്പെടുത്തിയെന്ന് അവര്‍ പറഞ്ഞു. അന്ന് ആരാ സിന്‍ജോ എന്ന് പോലും എനിക്കറിയില്ല. അത് ചോദിക്കാനുള്ള മാനസികാവസ്ഥയും ഇല്ലായിരുന്നു. കോളജില്‍ നടന്ന കാര്യം ആരോടും പറയരുതെന്നും പോയ പോലെ തന്നെ തിരിച്ചുവരണമെന്നും അവരെ ഭീഷണിപ്പെടുത്തിയിരുന്നു. അപ്പോഴും എന്താണ് കാര്യമെന്ന് എനിക്ക് മനസിലായിരുന്നില്ല. സിന്‍ജോയും ഫ്രണ്ട്‌സും സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് തീര്‍ത്തതാണെന്ന് ആ കുട്ടികള്‍ പറഞ്ഞു. അതുവരെ ആത്മഹത്യയെന്ന് കരുതിയതാണ് അവന്റെ മരണം. അതിന് ശേഷമാണ് ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്’. പിതാവ് ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു