‘പാർട്ടിക്ക് എന്നെ ആവശ്യമില്ല’; ബിഎസ്പി എംപി ബിജെപിയിൽ ചേർന്നു
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് വർധിക്കുന്നു. ബഹുജൻ സമാജ് പാർട്ടി എംപി റിതേഷ് പാണ്ഡെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ബിഎസ്പിക്കെതിരെ അതിരൂക്ഷ വിമർശനം നടത്തികൊണ്ടാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവെച്ചത്. മോദിയുടെ വികസിത ഇന്ത്യയെന്ന കാഴ്ചപ്പാട് തന്നെ സ്വാധീനിച്ചെന്ന് ബിജെപിയിൽ ചേർന്ന ശേഷം പാണ്ഡെ പറഞ്ഞു.
ബിഎസ്പി അധ്യക്ഷയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്ക് അയച്ച രാജിക്കത്ത് പാണ്ഡെ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കത്തിലുള്ളത്. ഏതാനും മാസങ്ങളായി പാർട്ടി സംബന്ധമായ കാര്യങ്ങളിൽ തന്നെ ഉൾപ്പെടുത്തുന്നില്ല. നേതൃത്വ ചർച്ചകളിൽ പോലും താൻ ഭാഗമല്ല. മായാവതിയെയും മറ്റ് മുതിർന്ന നേതാക്കളെയും നേരിൽ കാണാൻ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാർട്ടിക്ക് ഇനി എൻ്റെ സേവനവും സാന്നിധ്യവും ആവശ്യമില്ലെന്ന് മനസ്സിലാക്കുന്നു-പാണ്ഡെ കുറിച്ചു.
“പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയല്ലാതെ മറ്റൊരു മാർഗവും എനിക്കില്ല. ലോക്സഭയിൽ പാർട്ടിയെ പ്രതിനിധീകരിക്കാൻ അവസരം നൽകിയതിന് നന്ദി” അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ പാർലമെൻ്റ് സീറ്റിലെ എംപിയാണ് 42 കാരനായ റിതേഷ് പാണ്ഡെ. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസലുമായി പാണ്ഡെ ബന്ധപ്പെട്ടിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ പ്രതിനിധീകരിക്കുന്ന സീറ്റിൽ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.