Kerala

ബി.ജെ.പിയെ പോലെ എല്‍.ഡി.എഫും വര്‍ഗീയധ്രുവീകരണത്തിന് ശ്രമക്കുന്നു: വി ഡി സതീശൻ

Spread the love

ഡല്‍ഹിയില്‍ ബി.ജെ.പി ചെയ്യുന്നത് പോലെ കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫും വര്‍ഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് സി.പി.ഐ.എമ്മിന്റെ പ്രചരണ രീതി.

മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണ്. ചോദ്യകര്‍ത്താക്കളെ മുന്‍കൂട്ടി നിശ്ചയിച്ച് മുന്‍കൂര്‍ ചോദ്യങ്ങള്‍ നല്‍കി, സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നത്.

Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?

മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും കാണാന്‍ പോകുമ്പോഴാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി സി.പി.ഒ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. 2018-19 മുതല്‍ 2022-23 വരെ മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയ 30 സ്ഥാപനങ്ങളുണ്ട്.

ഇ.ഡി, ആദായ നികുതി വകുപ്പ്, സി.ബി.ഐ എന്നിവയുടെ റെയ്ഡിന് ശേഷം ഈ 30 കമ്പനികള്‍ 335 കോടി രൂപയാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വന്‍ അഴിമതിയാണ് ബി.ജെ.പി നടത്തിയത്.

ബി.ജെ.പിക്ക് ഒരു കാലത്തും സംഭാവന നല്‍കിയിട്ടില്ലാത്ത 23 കമ്പനികള്‍ 186 കോടിയാണ് നല്‍കിയത്. സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബി.ജെ.പിയുടെ അക്കൗണ്ടിലെത്തിയ 6500 കോടി രൂപയുടെ വിശദവിവരങ്ങള്‍ കൂടി വന്നാല്‍ ഇതിനേക്കാള്‍ വലിയ അഴിമതിയാകും പുറത്തു വരികയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടി.പി കൊലക്കേസിന് പിന്നില്‍ നടന്ന ഉന്നതതല ഗൂഡാലോചനയെ കുറിച്ച് അന്വേഷണം നടത്തണം. കുഞ്ഞനന്ദന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നിലുള്ള ഗൂഡാലോചനയെ കുറിച്ചും അന്വേഷിക്കണം.

സമരാഗ്നിയുടെ ഭാഗമായുള്ള ജനകീയ ചര്‍ച്ചാ സദസില്‍ സമ്പന്നര്‍ ആരും വന്നില്ലെങ്കിലും കര്‍ഷക തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്ക് ഇരയായ സാധാരണക്കാരായ ആളുകളാണ് പങ്കെടുക്കുന്നത്.

എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ പോലും ശേഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും 57800 കോടി കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. യഥാര്‍ത്ഥത്തില്‍ 3100 കോടിയാണ് കിട്ടാനുള്ളത്.

കെ. റെയില്‍ നടക്കില്ലെന്ന് സര്‍ക്കാരിനും അറിയാം. എന്നിട്ടും കെ റെയില്‍ വരും കേട്ടോയെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാലും കെ റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ട്രഷറിയില്‍ പൂച്ച പെറ്റു കിടക്കുമ്പോഴാണ് രണ്ട് ലക്ഷം കോടിയുടെ കെ റെയില്‍ നടപ്പാക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.