Kerala

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ പങ്കാളിത്തം ഉറപ്പാക്കും; കേരളത്തിൽ പ്രചാരണ രംഗത്ത് നേരിട്ടിറങ്ങാൻ ആർഎസ്എസ്

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രചാരണ രംഗത്ത് നേരിട്ടിറങ്ങാൻ ആർഎസ്എസ്. ആർഎസ്എസ് പ്രചാർ വിഭാഗ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് യോഗം അടുത്ത മാസം 10ന് കൊച്ചിയിൽ വിളിച്ചു ചേർത്തു.

ലക്ഷ്യ 2024 എന്ന പേരിലാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ യോഗം ആർഎസ്എസ് സംഘടിപ്പിച്ചിട്ടുള്ളത്. മാർച്ച് 10ന് കൊച്ചി ഭാസ്കരീയം കൺവൻഷൻ സെന്ററിലാണ് യോഗം. പരിപാടിയിൽ സംസ്ഥാനത്തെ സംഘപരിവാർ അനുകൂല ഇൻഫ്ലുവൻസേഴ്സിന്റെ പങ്കാളിത്തം ഉറപ്പാക്കും.

ആർഎസ്എസ്-ബിജെപി ദേശീയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകുമെന്നാണ് വിവരം. ബിജെപി പ്രചാരണ സംവിധാനം സംസ്ഥാനത്ത് ശക്തമല്ലെന്ന് സംഘടനയ്ക്കുള്ളിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആർഎസ്എസ് നേരിട്ട് കളത്തിലിറങ്ങുന്നത്.

അതേസമയം ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്ക് ഈ മാസം അന്തിമ രൂപമാകും. പ്രധാന മണ്ഡലങ്ങളിൽ പ്രഖ്യാപനം വന്നില്ലെങ്കിലും സ്ഥാനാർത്ഥികൾ പ്രചാരണമാരംഭിച്ചിട്ടുണ്ട്. ഈ മാസം 27ന് രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.