National

പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

Spread the love

അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ നിശ്ചയിച്ച പരീക്ഷകൾ ഉൾപ്പെടെ മാറ്റി.

രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജിൽ ഒരു സംഘം വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ വരയ്ക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തു. ഇതിനെതിരെ ’ഇന്ത്യ രാമ രാജ്യമല്ല‘ എന്ന പ്ലക്കാർഡുയർത്തി ക്യാമ്പസിൽ പ്രതിഷേധിച്ച വിദ്യാർത്ഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വർഷത്തേക്ക് സസ്പൻഡ് ചെയ്തിരുന്നത്. എൻ.ഐ.ടി സ്റ്റുഡന്റ്‌സ് വെൽഫെയർ ഡീൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ സസ്പൻഷൻ പിൻവലിച്ചു. അപ്പീൽ അതോറിറ്റി വിദ്യാർത്ഥിയുടെ അപ്പീൽ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്.

ഇതിനിടെ, സസ്പൻഷനെതിരായ പ്രതിഷേധ സമരത്തിൽ സംഘർഷമുണ്ടാവുകയായിരുന്നു. എസ്എഫ്ഐ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്ക് പരുക്കേറ്റു. ഇതേ തുടർന്നാണ് ക്യാമ്പസ് അടച്ചിടാൻ തീരുമാനിച്ചത്.