ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി; താമര കൊണ്ടുള്ള തുലാഭാരം നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി ക്ഷേത്രത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ഇന്ന് ഗുരുവായൂരിൽ വിവാഹിതരായവർക്ക് പ്രധാനമന്ത്രി ആശംസ നൽകി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്.
ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വർണ തളിക നൽകികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. ജൂലൈയിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാർ ക്ഷേത്രത്തിലും ദർശനം നടത്തും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും.
തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്കു 12നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം മടങ്ങും.