National

ഗുജറാത്തിന് പകരം കേരളമായിരുന്നെങ്കിൽ മറ്റൊരു കേരള സ്റ്റോറി ഉണ്ടായേനെ; ജോൺ ബ്രിട്ടാസ് എംപി

Spread the love

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ​ഗുജറാത്തിൽ നിന്ന് വളരെ സങ്കീർണമായ ഒരു അനധികൃത കുടിയേറ്റ ശ്രമം നടന്നു.അങ്ങ് അമേരിക്കയിലേക്ക്. ​ഗുജറാത്തിൽ നിന്ന് തുടങ്ങി, നിക്ക​ഗ്വാര വഴി മെക്സിക്കോയിലെത്തി അവിടെ നിന്ന് അതിർത്തി വഴി അതീവ രഹസ്യമായി അമേരിക്കയിലേക്കാണ് ആ യാത്ര. യാത്രാമാർ​ഗം വിമാനമധ്യേ. നിക്ക​ഗ്വാരയിലേക്കുള്ള ലെജൻഡ് എയർലൈൻസ് വിമാനത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 303 പേരാണുണ്ടായിരുന്നത്. ​ഗുജറാത്തി പൊലീസ് പറയുന്നതനുസരിച്ച് ഭൂരിഭാ​ഗവും ​ഗുജറാത്തികൾ.

സെൻട്രൽ അമേരിക്കൻ രാജ്യമായ നികര്വാഗയിലേക്ക് പോയ ലെജൻഡ് എയർലൈൻസ് വിമാനത്തിലെ മുന്നൂറോളം വരുന്ന ഇന്ത്യക്കാർ മെക്‌സിക്കോ വഴി യുഎസിലേക്ക് പോകാൻ പദ്ധതിയിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിൽ ഏറ്റവും കൂടുതൽ പേർ ഗുജറാത്തിൽ നിന്നാണ്. ഗുജറാത്തിൽ നിന്ന് മാത്രം 90ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിൽ 21 പേർ മാത്രമാണ് തിരിച്ചെത്തിയ ഗുജറാത്ത് സ്വദേശികൾ. ബാക്കിയുള്ള ഗുജറാത്ത് സ്വദേശികൾ ഒരു പക്ഷേ ഫ്രാൻസിൽ തന്നെ അഭയം തേടിയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.

വിഷയത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി രം​ഗത്തെത്തി. യുഎസിലേക്കും കാനഡയിലേക്കും പോകാൻ വേണ്ടി വിമാനം കയറിയവരിൽ 95 പേർ ​ഗുജറാത്തിൽ നിന്നാണ്. ​ഗുജറാത്തിന് പകരം കേരളമായിരുന്നെങ്കിൽ മറ്റൊരു കേരള സ്റ്റോറി സിനിമ കൂടി ഉണ്ടാകുമായിരുന്നു എന്നാണ് ജോൺ ബ്രിട്ടാസിന്റെ ട്വീറ്റ്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ​ഗുജറാത്ത് പൊലീസ് പറഞ്ഞു. യുഎസിലേക്ക് എത്തിക്കാമെന്ന ഏജന്റുമാരുടെ വാക്ക് വിശ്വസിച്ചെത്തിയ ഇവരെയും ബന്ധുക്കളെയും വിശദമായി ഗുജറാത്ത് സിഐഡി ചോദ്യം ചെയ്യും. കുടിയേറ്റ റാക്കറ്റിൽ ഉൾപ്പെട്ടവരാണോ ഇവരെന്നും അന്വേഷിക്കും.