സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ നിന്ന് അയയാതെ പ്രതിപക്ഷം; സമരരീതി കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും
നവകേരള സദസ് സമാപിച്ചെങ്കിലും സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് അക്രമം അഴിച്ചുവിട്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട പ്രതിഷേധ സമരങ്ങളുടെ രീതി പാര്‍ട്ടി കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും. ഇതുവരെ നടത്തിയ പ്രതിഷേധ സമരങ്ങള്‍ വിജയം കണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
ഇന്നലെ കെ.പി.സി.സി സംഘടിപ്പിച്ച ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ കെ. സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വി.ഡി സതീശന്‍, കെ മുരളീധരന്‍, ശശി തരൂര്‍ എന്നിവരും പ്രതികളാണ്. പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പൊലീസിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് ലോക്സഭ സ്പീക്കറോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് കെ സുധാകരന്‍ എം.പി. തന്റെയും സഹ എം.പിമാരുടെയും ജീവന്‍ അപായപ്പെടുത്തുന്ന തരത്തില്‍ പൊലീസ് അതിക്രമം കാട്ടിയെന്നാണ് ലോക്സഭ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.