മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് തോൽവി; പിസിസി അധ്യക്ഷൻ കമൽ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽ നാഥിനോട് രാജി ആവശ്യപ്പെട്ട് ഹൈക്കമാൻഡ്. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. പകരം പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ നിർദ്ദേശം നൽകി.
കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെസി വേണു ഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി ആവശ്യപ്പെട്ടത്. ഇന്ത്യ മുന്നണി നേതാക്കളെ പിണക്കിയതിൽ ഹൈക്കമാൻഡ് നേരിൽ അതൃപ്തി അറിയിച്ചു. കമൽ നാഥ് ഉടൻ രാജി വക്കുമെന്ന് സൂചന.
തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടെന്ന് കമൽനാഥ് രംഗത്തുവന്നിരുന്നു. വിഷയം വിശദമായി പരിശോധിക്കുമെന്നും കമൽനാഥ് പറഞ്ഞു. മധ്യപ്രദേശിലെ കനത്ത പരാജയം സംബന്ധിച്ച് കോൺഗ്രസ്, പ്രാഥമിക പരിശോധനകൾ ആരംഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന ആരോപണ വുമായി പി സി സി അധ്യക്ഷൻ കമൽനാഥ് രംഗത്ത് വന്നത്. ജയിച്ചവരും തോറ്റവരും ആയ സ്ഥാനാർത്ഥികളുമായി താൻ ചർച്ച നടത്തിയെന്നും, ചിലർക്ക് സ്വന്തം ഗ്രാമത്തിൽ പോലും 50 വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്നതും, ഒരു ബൂത്തിൽ പോലും ലീഡ് ചെയ്യാൻ കഴിഞ്ഞില്ല എന്നുള്ളതും അസ്വാഭാവികമാണെന്ന് കമൽനാഥ് പ്രതികരിച്ചു. ജയത്തിന് പശ്ചാത്തലം ഒരുക്കാൻ വേണ്ടിയാണ് തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്നതെന്നുമാണ് ആരോപണം.
ബിജെപി മികച്ച വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു. രാജസ്ഥാനിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് തീരുമാനം വൈകുന്നതാണ് മറ്റിടങ്ങളിലും പ്രഖ്യാപനം വൈകാൻ കാരണമാകുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ബിജെപി പാർലമെന്ററി ബോർഡ് എടുക്കുന്ന തീരുമാനം അന്തിമമാകുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. മുഖ്യമന്ത്രി പദവിക്ക് അവകാശവാദവുമായി രംഗത്തുള്ള വസുന്ദര രാജെ സിന്ധ്യ ശക്തി പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് അരുൺ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. അറുപതോളം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വസുന്ധര ക്യാമ്പ് അവകാശപ്പെടുന്നത്. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ തന്നെ മുഖ്യമന്ത്രിയായി തുടരും. ഛത്തീസ്ഗഡിൽ കേന്ദ്രമന്ത്രിയും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രേണുക സിങ് ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ ഉള്ളതെന്ന് സൂചയുണ്ട്.