Kerala

ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്

Spread the love

ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. നീതീകരിക്കാനാകാത്ത തെറ്റ് എന്ന് ആലുവ എംഎൽഎ അൻവർ സാദത്തും പ്രതികരിച്ചു. സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഹസീനയുടെ ഭർത്താവ് മുനീറാണ് കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപ തട്ടിയെടുത്തത്.

മുനീർ ആദ്യം കബളിപ്പിച്ചത് ആലുവ എംഎൽഎ അൻവർ സാദത്തിനെ. പെൺകുട്ടിയുടെ കുടുംബത്തിന് വാടകയ്ക്ക് വീടെടുക്കാൻ എംഎൽഎ നൽകിയ 20,000 രൂപ മുനീർ മുക്കി. പിന്നീടാണ് കുടുംബത്തെ നേരിട്ട് പറ്റിക്കുന്നത്. തട്ടിപ്പ് അതിക്രൂരവും ഞെട്ടൽ ഉള്ളവാക്കുന്നത് എന്നും മന്ത്രി പി രാജീവ്‌ പ്രതികരിച്ചിരുന്നു.

എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല. പണം തട്ടിയതിനെ ഈ നാട് അംഗീകരിക്കില്ല. കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. കോൺഗ്രസ് പാർട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഭർത്താവ് പണം കൈപ്പറ്റിയത് അറിഞ്ഞിട്ടും പൊതുപ്രവർത്തക എന്ന നിലയിൽ ഇടപെടാത്തത്തിന്റെ പേരിലാണ് മഹിളാ കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ഹസീന മുനീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ പണം തിരികെ നൽകി മുനീർ തടിയൂരി. പണം ലഭിച്ചതിനാൽ പരാതിയുമായി മുന്നോട്ടു പോകാൻ ഇല്ലെന്നാണ് കുടുംബത്തിന് നിലപാട്. വിഷയം പരിശോധിക്കുമെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി.