National

മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും; സുരക്ഷ കര്‍ശനമാക്കി

Spread the love

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും. ഛത്തിസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നവംബര്‍ ഏഴിനാണ് മിസോറമില്‍ വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഛത്തിസ്ഗഡില്‍ നവംബര്‍ 7, 17 തീയതികളിലായി രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്.

മിസോറമില്‍ കോണ്‍ഗ്രസും ബിജെപിയും എംഎന്‍എഫും സെഡ്പിഎമ്മും അരയും തലയും മുറുക്കി പ്രചാരണരംഗത്തുണ്ട്. മിസോ ദേശീയത മുന്നില്‍വച്ചാണ് എംഎന്‍എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. മോദി പ്രഭാവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ബിജെപി പ്രചാരണരംഗത്തുള്ളതെങ്കിലും നരേന്ദ്ര മോദി ഇത്തവണ മിസോറമില്‍ പ്രചരണത്തിനെത്തിയില്ല. ബിജെപിയുടെ ലക്ഷ്യം ഹിന്ദുത്വവല്‍ക്കരണമാണ് എന്ന ആരോപണമുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 27 സീറ്റു നേടിയാണ് എംഎന്‍എഫ് ഭരണത്തിലെത്തിയത്.

ഛത്തിസ്ഗഡില്‍ 2018ല്‍ കൈവിട്ട ഭരണം തിരിച്ചു പിടിക്കാന്‍ ബിജെപിയും ഭരണത്തുടര്‍ച്ചയ്ക്കായി കോണ്‍ഗ്രസും ലക്ഷ്യമിട്ട് ശക്തമായി പ്രചാരണം നടത്തുന്നത്. 90 സീറ്റുകളുള്ള ഛത്തിസ്ഗഡ് നിയമസഭയില്‍ 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 2018 ല്‍ 15 സീറ്റായിരുന്നു ബിജെപി നേടിയത്. കോണ്‍ഗ്രസിന് 68 സീറ്റ് ലഭിച്ചിരുന്നു.