Kerala

പിസി ജോർജിനെ ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ട്, കൂടുതൽ അന്വേഷണം വേണം; പൊലീസ് കമ്മിഷണർ

Spread the love

പി സി ജോർജിനെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് കൊച്ചി കമ്മിഷണർ സി എച്ച് നാഗരാജു. നിലവിൽ ഒരു സംഭവമുണ്ടായിരിക്കെ വീണ്ടും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടായിരുന്നു. അത് അറിഞ്ഞുകൊണ്ടാണ് പ്രസംഗത്തിന് ക്ഷണിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണം. ആവശ്യമെങ്കിൽ സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് കമ്മിഷണർ വ്യക്തമാക്കി.

പി സി ജോർജിന്റെ അറസ്റ്റ് എന്തായാലും ഉണ്ടാകും. അറസ്റ്റ് ചെയ്യാൻ തിടുക്കമില്ല. വീണ്ടും അറസ്റ്റ് ചെയ്താൽ ജാമ്യത്തിലിറങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചതായും പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 153 എ 295 വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്. അതേസമയം ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി.

നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച പി സി ജോര്‍ജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോര്‍ജ് ലംഘിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പൊതുപരിപാടിയില്‍ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയത്.