പ്രതിഷേധം കനത്തു; മധ്യപ്രദേശിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റി കോൺഗ്രസ്
മധ്യപ്രദേശിലെ സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തി കോൺഗ്രസ്. നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റിയത് പ്രതിഷേധത്തെ തുടർന്ന്. സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിനും ബിജെപിയും തലവേദനയായി രാജസ്ഥാനിലും മധ്യപ്രദേശിലും പ്രതിഷേധം കനക്കുന്നു. അതിനിടെ സമാജ് വാദി പാർട്ടിയുമായുള്ള സീറ്റ് തർക്കത്തിൽ പരോക്ഷമായി വിമർശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തി.
സ്ഥാനാർത്ഥികൾക്കെതിരെയുള്ള പ്രതിഷേധം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെയാണ് നാലു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റിയത്. ബാദ്നഗർ, പിപ്പരിയ, സുമവാലി, ജരോര മണ്ഡലങ്ങളിലാണ് മാറ്റം. ഇതിൽ ബാദ് നഗറിലും സുമവാലിയിലും, സിറ്റിംഗ് എംഎൽഎ മാറ്റി പരീക്ഷിച്ച് നടപടിയാണ് പ്രതിഷേധത്തെ തുടർന്ന് തിരുത്തിയത്. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ബിജെപിയിൽ നിന്ന് തനിക്ക് ക്ഷണം ലഭിച്ചുവെന്ന കോൺഗ്രസ് എംഎൽഎ മുരളി മോർവലിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ,ബാദ് നഗർ മണ്ഡലത്തിലെ മാറ്റം.
കൂടുതൽ സീറ്റുകളിൽ കൂടി മാറ്റം ഉണ്ടായേക്കും. അതേസമയം പ്രതിഷേധക്കാരുടെ സമ്മർദ്ദത്തിൽ വഴങ്ങാതെ മുന്നോട്ടു പോകാനാണ് മധ്യപ്രദേശിൽ ബിജെപിയുടെ തീരുമാനം. രാജസ്ഥാനിൽ സൂറത്ത്ഗഡിൽ മന്ത്രി ധുങ്കർ റാം ഗൈധറിന് സീറ്റ് നൽകിയതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കൊടി തോരണങ്ങൾ തീയിട്ടു. രാജ്സമന്ദ്, ശ്രീഗംഗാനഗർ, ഉദയ്പൂർ, ബിക്കാനീർ,ചിത്തോർഗഡ് മേഖലയിലാണ് ബിജെപിയിൽ പ്രതിഷേധം തുടരുന്നത്. നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ജയിക്കും എന്നും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും ശശിതരൂർ പ്രതികരിച്ചു.
അതിനിടെ സമാജ് വാദി പാർട്ടിയുമായുള്ള സീറ്റ് തർക്കത്തിൽ പിസിസി അധ്യക്ഷൻ കമൽനാഥനെതിരെ പരോക്ഷമായി വിമർശന ഉന്നയിച്ച ദിഗ് വിജയ് സിങ്,നാല് സീറ്റുകൾ സമാജ് വാദി പാർട്ടിക്ക് നൽകാൻ താൻ ശുപാർശ ചെയ്തിരുന്നുവെന്നും,പിഴച്ചത് എവിടെയാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി.